ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ളസ് കാര്‍ണിവല്‍ ആഘോഷിച്ചു
Tuesday, February 17, 2015 10:06 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഫിഫ്റ്റി പ്ളസ് ഫ്രാങ്ക്ഫര്‍ട്ട് അലര്‍ഹൈലിഗസ്റ് ത്രൈഫാള്‍ട്ടിഗ് പള്ളി ഹാളില്‍ കാര്‍ണിവല്‍ ആഘോഷിച്ചു. അമ്പത് നോമ്പ് തുടങ്ങുന്നതിനു മുമ്പ് പ്രച്ഛന്ന വേഷഭൂഷാദികളോടെ, ആഹ്ളാദത്തിമര്‍പ്പില്‍ പാട്ടും ഡാന്‍സും കൂട്ടത്തില്‍ വിവിധ തരം മാംസഭക്ഷണങ്ങളും പാനീയങ്ങളുമായി യൂറോപ്പിലും മറ്റു പാശ്ചാത്യരാജ്യങ്ങളിലും നടത്തുന്ന ആഘോഷമാണു കാര്‍ണിവല്‍.

നോമ്പ് സമയത്തെ അമ്പതുദിവസം ഇങ്ങനെയുള്ള ആഘോഷങ്ങളും ആഹാര രീതിയും വര്‍ജിക്കേണ്ടതുകൊണ്ടു കാലേക്കൂട്ടി ഇവയെല്ലാം കാര്‍ണിവലിന് ആസ്വദിക്കുന്നു. ജോണ്‍ മാത്യു ഫിഫ്റ്റി പ്ളസ് കുടുബാംഗങ്ങളെ സ്വാഗതം ചെയ്തു. തുടര്‍ന്ന് ഫ്രാങ്ക്ഫര്‍ട്ട് സെന്റ് ജോസഫ് അസിസ്റന്റ് വികാരി ഫാ. സേവ്യര്‍ മാണിക്കത്താന്‍, ഫാ. പീറ്ററിനോപ്പം പങ്കെടുത്ത് കാര്‍ണിവലിനെക്കുറിച്ചും നോമ്പുകാലത്തെക്കുറിച്ചും വിശദീകരിച്ച് ആഘോഷത്തിന് ആശംസകള്‍ നേര്‍ന്നു.

തുടര്‍ന്നു കാര്‍ണിവല്‍ തമാശകള്‍, പാട്ടുകള്‍, ചര്‍ച്ചകള്‍ എന്നിവയോടെ ആഘോഷം തുടര്‍ന്നു. ഗ്രേസമ്മ കൂട്ടക്കര, ഡോ. സെബാസ്റ്യന്‍ മുണ്ടിയാനപ്പുറത്ത്, തോമസ് കല്ലേപ്പള്ളി, മാത്യു കൂട്ടക്കര, ആന്റണി തേവര്‍പാടം, സേവ്യര്‍ പള്ളിവാതുക്കല്‍, ജോണ്‍ മാത്യു എന്നിവര്‍ പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളുമായി പരിപാടിയില്‍ പങ്കെടുത്തു. കേരളതനിമയില്‍ വിഭവ സമൃദ്ധമായ കപ്പയും ഇറച്ചിയും ചോറും വിവിധതരം കറികളുമായി അത്താഴ വിരുന്നിനുശേഷം 2015 ലെ പരിപാടികള്‍ക്ക് ഏകദേശ രൂപം നല്‍കി.

ഫിഫ്റ്റി പ്ളസ് കുടുംബാംഗങ്ങളുടെ ഇടയില്‍ മലയാള പരിജ്ഞാനവും വായനാശീലവും കൂടുതല്‍ വളര്‍ത്തിയെടുക്കാന്‍ ആരംഭിച്ച വായനശാല പരിപൂര്‍ണ വിജയമായി തുടരുന്നതില്‍ എല്ലാവരും സന്തുഷ്ടി രേഖപ്പെപ്പെടുത്തി. മൈക്കിള്‍ പാലക്കാട്ട് എല്ലാവര്‍ക്കും നന്ദി പറഞ്ഞു. ആന്റണി തേവര്‍പാടം പരിപാടികള്‍ മോഡറേറ്റ് ചെയ്തു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍