സര്‍ഗവേദി യുകെയുടെ സ്റേജ് ഷോ 'ഓര്‍മയില്‍ ഒരു ശിശിരം' ലെസ്ററില്‍ അരങ്ങേറി
Tuesday, February 17, 2015 10:05 AM IST
ലെസ്റര്‍: സര്‍ഗവേദി യുകെ എന്ന കലാസമിതി ഫെബ്രുവരി 15നു ലെസ്ററില്‍ 'ഓര്‍മയില്‍ ഒരു ശിശിരം' എന്ന പേരില്‍ സമിതിയുടെ പ്രഥമ സ്റേജ് ഷോ സംഘടിപ്പിച്ചു. ജനപങ്കാളിത്തംകൊണ്ടും നിലവാരം തികഞ്ഞ വിവിധയിനം കലോപഹാരങ്ങളുടെ അവതരണ മികവിനാലും പരിപാടി ജനശ്രദ്ധ നേടി.

ലിറ്റില്‍ ഏയ്ഞ്ചല്‍സ് അവതരിപ്പിച്ച മ്യൂസിക് ഫ്യൂഷന്‍; വാദ്യോപകരണവും വായ്പാട്ടും ആയിരുന്നു ആദ്യ ഇനം. തുടര്‍ന്ന് നൃത്തച്ചുവടുകളുടെ ലാസ്യ ഭാവം തൂകി ചിത്രാ സുരേഷ് കുച്ചിപ്പുടിയുമായി സ്റേജില്‍ എത്തി. പിന്നാലെ ലെസ്റര്‍ ലൈവ് ഓര്‍ക്കസ്ട്ര അവതരിപ്പിച്ച ഉണ്ണിമേനോന്‍ ഹിറ്റ്സിലൂടെ സര്‍ഗവേദിയുടെ സ്വന്തം ഗായകരായ ബിനോയ് മാത്യു, അജിത് പാലിയത്ത്, ദേവലാല്‍ സഹദേവന്‍, ഹരീഷ് പാലാ, ദീപ സന്തോഷ്, അലീന സജീഷ് എന്നിവര്‍ ഉണ്ണിമേനോന്‍ പാടി അനശ്വരമാക്കിയ എണ്‍പതുകളിലെ ഹിറ്റ് പാട്ടുകള്‍ ശ്രോതാക്കള്‍ക്കു സമ്മാനിച്ചു.

കീബോര്‍ഡിസ്റ് സിജോ ചാക്കോ, ഡ്രമ്മര്‍ ജോയി, തബലിസ്റുകളായ മനോജ് ശിവ, ജോര്‍ജ്, ഗിറ്റാറിസ്റുകളായ സാബു, സജി, ടൈമിംഗ് ആര്‍ട്ടിസ്റുകളായ മേബിള്‍, റെജി തുടങ്ങിയവര്‍ തീര്‍ത്ത വാദ്യവൃന്ദം പഴയകാല ഗാനമേള ട്രൂപ്പുകളെ ഓര്‍മിപ്പിക്കുന്നതായി.

ആനുകാലിക സംഭവങ്ങള്‍ ചേര്‍ത്തു ഡ്രമ്മറും കനെഷ്യസ് അത്തിപ്പോഴിയിലും ചേര്‍ന്നു നടത്തിയ സിംബോളിക് വിവരണം ശ്രോതാക്കള്‍ക്കു നവ്യാനുഭവമായപ്പോള്‍ മനോജ് ശിവ തബലയില്‍ തീര്‍ത്ത നാദവിസ്മയത്തിനും വേദി സാക്ഷിയായി.

സിനോ, ജോബി (ശ്രുതി ലൈറ്റ് ആന്‍ഡ് സൌണ്ട്) തീര്‍ത്ത ശബ്ദ വെളിച്ച വിസ്മയം ആദ്യാവസാനം പ്രോഗ്രാമിനു പ്രഭയുടെ നിറച്ചാര്‍ത്ത് നല്‍കി. അപര്‍ണ ഹരീഷ് ഗാനം ആലപിച്ചു.

നോട്ടിംഗ്ഹാം സംഘ ചേതനയ്ക്കുവേണ്ടി ജിം തോമസ് കണ്ടാരപ്പള്ളി രചനയും സംവിധാനവും നിര്‍വഹിച്ച ദാഹിക്കുന്ന ചെങ്കോല്‍ എന്ന നാടകം ആയിരുന്നു പരിപാടികളില്‍ അവസാന ഇനം. നീറോ ചക്രവര്‍ത്തിയുടെ കഥ പ്രമേയമാക്കിയ നാടകം ആധുനിക സങ്കേതികവിദ്യകളുടെ സഹായത്തോടെ രംഗത്ത് അവതരിപ്പിച്ചതു കാണികളെ ഹരംകൊള്ളിച്ചു.

വൈകുന്നേരം 6.30ന് ആരംഭിച്ച മൂന്നു മണിക്കൂര്‍ സ്റേജ് ഷോ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ അലക്സ് കണിയാമ്പറമ്പില്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. സര്‍ഗവേദിയുടെ പിറവിയെക്കുറിച്ചും തുടര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ജേക്കബ് കോയിപ്പള്ളി വിശദീകരിച്ചു. മികച്ച പത്തു ബ്ളോഗ് എഴുത്തുകാരില്‍ ഒരാളായി തെരഞ്ഞെടുത്ത സര്‍ഗവേദി അംഗം കൂടിയായ മുരളി മുകുന്ദനെ ചടങ്ങില്‍ ആദരിച്ചു. മുരുകേഷ് പനയറ, അനിയന്‍ കുന്നത്ത് തുടങ്ങിയ സാംസ്കാരികരംഗത്തെ പ്രതിഭകള്‍ സന്നിഹിതരായി. ഓര്‍ഗന്‍ ഡോനെഷനെ കുറിച്ച് ദീപ സന്തോഷ് ഹൃസ്വമായി പ്രബന്ധം അവതരിപ്പിച്ചു. ആനി പാലിയത്ത് അവതരണം നിര്‍വഹിച്ചു. സാബു സദസിനെ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സാബു ജോസ്