ഇന്റര്‍നാണല്‍ എയര്‍പോര്‍ട്ട് ഹബ്: കേരളത്തെ ഒഴിവാക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധമിരമ്പി
Tuesday, February 17, 2015 8:41 AM IST
ഹൂസ്റണ്‍: അന്തരാഷ്ട്ര എയര്‍പോര്‍ട്ട് ഹബ്ബില്‍നിന്നു കേരളത്തെ ഒഴിവാക്കുന്നതിന് കേന്ദ്രഗണ്‍മെന്റ് നടത്തുന്ന നീക്കത്തിനെതിരേ പ്രവാസി മലയാളികളുടെ പ്രതിഷേധം ഇരമ്പി.
ഫെബ്രുവരി 13നു(വെള്ളി) വൈകുന്നേരം അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രവാസികള്‍ പങ്കെടുക്കുന്ന ടെലിഫോണ്‍ കോണ്‍ഫറന്‍സിലാണ് പ്രതിഷേധമിരമ്പിയത്. പ്രവാസി മലയാളി ഫെഡറേഷന്‍ നേതൃത്വം നല്‍കിയ കോണ്‍ഫറന്‍സില്‍ ഹൂസ്റണില്‍നിന്നുള്ള പ്രമുഖ മാധ്യമ പ്രവര്‍ത്തകനും സാഹിത്യകാരനുമായ എ.സി. ജോര്‍ജ് വിഷയം അവതരിപ്പിച്ചു. പ്രവാസി മലയാളി ഫെഡറേഷന്‍ ബോഡ് ഓഫ് ചെയര്‍മാന്‍ മാത്യു എം. മൂലച്ചേരില്‍ മോഡറേറ്ററായിരുന്നു.

അന്താരാഷ്ട്ര വിമാനത്താവള ഹബ്ബില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിമാനത്താവളങ്ങളിലെ യാത്രക്കാരേക്കാള്‍ കൂടുതല്‍ യാത്രക്കാര്‍ ഉപയോഗിക്കുന്ന കേരളത്തിലെ വിമാനത്താവളങ്ങളെ ഹബ്ബില്‍നിന്ന് ഒഴിവാക്കുന്നതിനുള്ള കാരണം കേന്ദ്രം വിശദമാക്കണമെന്നും കേരള സര്‍ക്കാര്‍ ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

കേരളത്തിലെ വിമാനത്താവളങ്ങളുടെ വികസനത്തിനായി ലഭിക്കേണ്ട കോടിക്കണക്കിനു രൂപ ഇതുമൂലം നഷ്ടപ്പെടാനിടയാക്കുമെന്നും വിഷയാവതാരകന്‍ എ.സി. ജോര്‍ജ് പറഞ്ഞു.

ദേശീയ അടിസ്ഥാനത്തില്‍ നാലം സ്ഥാനത്തുള്ള കൊച്ചിയെ പോലും തഴയുന്നതിന്റെ പിന്നില്‍ ഉത്തരേന്ത്യന്‍ ലോബിയുടെ ശക്തമായ സമ്മര്‍ദമാണെന്നും യോഗത്തില്‍ അഭിപ്രായപ്പെട്ടു. സാമൂഹ്യ, സാംസ്കാരിക സംഘടനകള്‍ ഈ വിഷയത്തിലുള്ള അഭിപ്രായം അധികാരികളെ രേഖാമൂലം അറിയിക്കണമെന്നും യോഗം നിര്‍ദേശിച്ചു.

ഓഗസ്റ് ആദ്യവാരം തിരുവനന്തപുരത്തുചേരുന്ന പ്രവാസി മലയാളി ഫെഡറേഷന്‍ ആഗോള സമ്മേളനത്തില്‍ ഇതിനെകുറിച്ചു ചര്‍ച്ച ചെയ്തു അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും യോഗം നിര്‍ദേശിച്ചു.

വര്‍ഗീസ് ഐസക്, മാത്യു ജോണ്‍, ഗോപിനാഥ സനല്‍, കെ.എസ് ജോര്‍ജ്, പി.സി മാത്യു തുടങ്ങി നിരവധി പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍