മാതൃഭാഷ പഠന രജതജൂബിലി; ആഘോഷമാക്കാന്‍ കുവൈറ്റ് പ്രവാസിസമൂഹം ഒരുങ്ങുന്നു
Tuesday, February 17, 2015 8:39 AM IST
കുവൈറ്റ് സിറ്റി: പ്രവാസലോകത്ത് മലയാളത്തിന്റെ ആദ്യാക്ഷരങ്ങള്‍ പുതു തലമുറക്ക് പരിചയപ്പെടുത്തിയ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (കല കുവൈറ്റ്) നേതൃത്വം കൊടുത്തു നടപ്പാക്കിയ സൌജന്യ മലയാള ഭാഷാ പഠന പരിപാടിക്ക് 25 വയസ് തികയുന്നു.

രജതജൂബിലി ആഘോഷമാക്കാന്‍ കുവൈറ്റിലെ സാമൂഹ്യ, സാംസ്കാരിക പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന് വിപുലമായ സംഘാടക സമിതിക്കു രൂപം നല്‍കി. അബാസിയ ഒലീവ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം 251 അംഗ ആഘോഷക്കമ്മിറ്റിക്ക് രൂപം നല്‍കി. യോഗത്തില്‍ കല കുവൈറ്റ് പ്രസിഡന്റ് ടി.വി. ഹിക്മത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു പരിപാടികളെക്കുറിച്ചു വിശദീകരിച്ചു.

ജോണ്‍ മാത്യു, മുഹമ്മദ് റിയാസ്, രാജു സക്കറിയ, അബ്ദുള്‍ ഫത്തതൈയില്‍, സാബു എം. പീറ്റര്‍, ഇക്ബാല്‍ കുട്ടമംഗലം, അഷറഫ് കാളത്തോട്, ചെസില്‍ രാമപുരം, തോമസ് പണിക്കര്‍, എസ്.എ. ലബ, ലിസി കുര്യാക്കോസ്, രഘുനാഥന്‍നായര്‍, ജോസഫ് പണിക്കര്‍, ജേക്കബ് ചണ്ണപ്പേട്ട, ഹംസ പയ്യന്നൂര്‍, രാധാകൃഷണപിള്ള, സാം പൈനുംമൂട് തുടങ്ങിയവര്‍ വിവിധ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു പ്രസംഗിച്ചു.

എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ ജോണ്‍ മാത്യു ചെയര്‍മാനും ഡോ. ബിജി ബഷീര്‍, അഡ്വ. ജോണ്‍ തോമസ്, ലിസി കുര്യാക്കോസ്, രഘുനാഥന്‍ നായര്‍, അഡ്വ. തോമസ് പണിക്കര്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായും സാം പൈനുംമൂട് ജനറല്‍ കണ്‍വീനറുമാണ്. ജെ. സജി, പ്രിന്‍സ്റന്‍ ഡിക്രൂസ്, ടി.ആര്‍. സുധാകരന്‍ എന്നിവര്‍ കണ്‍വീനര്‍മാരുമാണ്. പ്രസീദ് കരുണാകരന്‍, ഷിനോജ് മാത്യു, സ്കറിയ ജോണ്‍ എന്നിവര്‍ ഫഹഹീല്‍, സാല്‍മിയ അബാസിയ എന്നീ മേഖലകളിലെ കണ്‍വീനര്‍മാരായി പ്രവര്‍ത്തിക്കും.

ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ അമ്മാന്‍ ബ്രാഞ്ച് പ്രിസിപ്പാള്‍ രാജേഷ് നായര്‍ കണ്‍വീനറായ സിലബസ് കമ്മിറ്റിയും ടി.വി.ജയന്‍ കണ്‍വീനറും കുവൈറ്റിലെ മലയാളി മാധ്യമപ്രവര്‍ത്തകര്‍ അംഗങ്ങളായ പബ്ളിസിറ്റി കമ്മിറ്റി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും. ആര്‍. നാഗനാഥന്‍ (ഫിനാന്‍സ്), സണ്ണി സൈജേഷ് (കലാ വിഭാഗം) എന്നിവര്‍ മറ്റു സബ് കമ്മിറ്റികള്‍ക്കും നേതൃത്വം നല്‍കും. ചടങ്ങിനു കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി ഷാജു വി. ഹനീഫ് സ്വാഗതവും അബാസിയ മേഖല സെക്രട്ടറി സി.കെ. നൌഷാദ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍