ഭക്തമനസുകളുടെ ആത്മസമര്‍പ്പണം: ആയിരങ്ങള്‍ നജഫഗഡില്‍ പൊങ്കാലയിട്ടു
Monday, February 16, 2015 10:13 AM IST
ന്യൂഡല്‍ഹി: കനത്ത മൂടല്‍ മഞ്ഞു മൂലം വളരെ അടുത്തു നിന്നാല്‍പോലും കാണാന്‍ പാറ്റാത്ത രീതിയിലായിരുന്നു നജഫ്ഗഡും പരിസര പ്രദേശങ്ങളും എങ്കിലും അത് വക വക്കാതെ പുലര്‍ച്ചെ നാലു മുതല്‍ ക്ഷേത്രത്തിലേക്ക് ഭക്തസഹസ്രങ്ങളുടെ പ്രവാഹമായിരുന്നു.

കേരളത്തിനു വെളിയില്‍ പൊങ്കാലയിടുന്ന വടക്കേ ഇന്ത്യയിലെ ആദ്യത്തെ ക്ഷേത്രമായ നജഫ്ഗഡ് ശ്രീ ഭഗവതിക്കു പൊങ്കാലയര്‍പ്പിക്കുവാന്‍ ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ആയിരങ്ങള്‍ എത്തിചേര്‍ന്നു. ഇത്തവണ പതിവില്‍ കവിഞ്ഞ തിരക്കായിരുന്നു. രാവിലെ നിര്‍മാല്യദര്‍ശനത്തിനു ശേഷം മഹാ മഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു.

പതിനാറാമത് വലിയ പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി ശ്രീ ഭഗവതി ക്ഷേത്ര ട്രസ്റ് പ്രസിഡന്റ് പി.ആര്‍. പ്രേമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്കാരിക സമ്മേളനത്തില്‍ ഡല്‍ഹി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സി. ചന്ദ്രന്‍ ആശംസകള്‍ നേര്‍ന്നു. ട്രസ്റ് ജനറല്‍ സെക്രട്ടറി കെ.വി. നാരായണന്‍ കൃതജ്ഞത പറഞ്ഞു.

കേരളത്തില്‍ നിന്നും പൊങ്കാലക്ക് കാര്‍മികത്വം വഹിക്കാനായി എത്തിച്ചേര്‍ന്ന ശശിധരന്‍ നമ്പൂതിരി, വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ശ്രീകോവിലില്‍ നിന്നും ദിവ്യാഗ്നി എഴുന്നെള്ളിച്ചു പണ്ടാര അടുപ്പിലേക്ക് പകര്‍ന്നപ്പോള്‍ സ്ത്രീകള്‍ വായ്ക്കുരവയുമായി ശ്രീ ഭഗവതിയെ സ്തുതിച്ചു. കിഴികളില്‍ പകര്‍ത്തിയ ദീപനാളങ്ങളാല്‍ ഭക്തജനങ്ങള്‍ സ്വയം അവരവരുടെ പൊങ്കാല അടുപ്പുകളിലേക്ക് പകര്‍ന്നപ്പോള്‍ ഉണ്ടായ ധൂമപടലങ്ങളാല്‍ പൊങ്കാല സമര്‍പ്പണത്തിനായി ഒരുക്കിയ ആറ് ഏക്കറോളം വരുന്ന നിലവും പരിസരങ്ങളും മേഘാവൃതമായി. പ്രത്യേകം ക്ഷണിച്ച പന്ത്രണ്ടു തിരുമേനിമാര്‍ ഭക്തരുടെ തിളച്ചു തൂവിയ പൊങ്കാലക്കലങ്ങളില്‍ തീര്‍ഥം തളിച്ചു. ക്ഷേത്ര മേല്‍ശാന്തി രാമദാസ് എംബ്രാന്തിരി, സി.എസ്. നമ്പൂതിരി, അനിയന്‍ നമ്പൂതിരി, വെങ്കിടേശ്വരന്‍ പോറ്റി എന്നിവര്‍ പരികര്‍മികളായിരുന്നു.

മാസം തോറും കാര്‍ത്തിക നക്ഷത്രത്തില്‍ കാര്‍ത്തിക പൊങ്കാല നടക്കുന്നതുകൊണ്ടാണ് കുംഭ മാസത്തിലെ ആദ്യത്തെ ഞായറാഴ്ച വലിയ പൊങ്കാലയായി കൊണ്ടാടുന്നത്. മഹോത്സവത്തോടനുബന്ധിച്ചു വിശേഷാല്‍ പൂജകളും തുടര്‍ന്നു ഉച്ച ദീപാരാധനയും നടന്നു.

രാവിലെ ഒമ്പതു മുതല്‍ ശ്രീ മൂകാംബിക കീര്‍ത്തന സംഘം, ആശ്രമം അവതിരിപ്പിച്ച ഭക്തി ഗാനങ്ങള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞു നിന്നു.സദനം ബിജേഷും സംഘവും ഉത്സവാന്തരീക്ഷത്തിനു മേളക്കൊഴുപ്പേകി.

അതിരാവിലെ മുതല്‍ ക്ഷേത്രാങ്കണത്തിലെ കൌണ്ടറുകളില്‍ നിന്നും പൊങ്കാല കൂപ്പണുകളും മറ്റു വഴിപാടു രസീതുകളും വാങ്ങുവാന്‍ ഭക്തജനങ്ങളുടെ നീണ്ട നിര കാണാമായിരുന്നു. പൊങ്കാല സമര്‍പ്പണത്തിനുള്ള സാധന സാമഗ്രികള്‍ ക്ഷേത്രത്തിലെ കൌണ്ടറില്‍ നിന്നും വിതരണം ചെയ്തു. പൊങ്കാലയിടുന്ന സ്ത്രീജനങ്ങള്‍ക്കായി അന്നദാനത്തിനു പ്രത്യേക കൌണ്ടറുകള്‍ ഒരുക്കിയിരുന്നു. ക്ഷേത്രത്തിലേക്ക് അതാതു സ്ഥലങ്ങളില്‍ നിന്നുമുള്ള സംഘാടകര്‍ യാത്രാ സൌകര്യവും സജ്ജമാക്കിയിരുന്നു. ഉച്ചക്ക് ശ്രീ ഭഗവതിയുടെ ഇഷ്ട പ്രസാദമായ അന്നദാനവും ഭക്തജനങ്ങള്‍ക്കുമായി ഒരുക്കിയിരുന്നു. ഉച്ചപൂജയോടുകൂടി മഹോത്സവചടങ്ങുകള്‍ക്കു തിരശീല വീണു.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി