സൌദിയില്‍ കെഎംസിസിക്ക് ഏകീകൃത മെംബര്‍ഷിപ്; ഓഗസ്റ് മുതല്‍ മെംബര്‍ഷിപ്പ് കാമ്പയിന്‍
Monday, February 16, 2015 10:11 AM IST
റിയാദ്: സൌദി അറേബ്യയിലെ ജനകീയ പ്രവാസി കൂട്ടായ്മയായ കെഎംസിസി ഏകീകൃത മെംബര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കുന്നു. എഴുപതോളം സെന്‍ട്രല്‍ കമ്മിറ്റികളെയും എഴുന്നൂറോളം ഏരിയ കമ്മിറ്റികളെയും ഉള്‍പ്പെടുത്തിയാണു ദേശീയതലത്തില്‍ മെംബര്‍ഷിപ്പ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.

ഓഗസ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയായിരിക്കും മെംബര്‍ഷിപ്പ് കാമ്പയിന്‍. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ഏഴംഗ സമിതിക്ക് കെഎംസിസി സൌദി നാഷണല്‍ കമ്മിറ്റി എക്സിക്യൂട്ടീവ് യോഗം രൂപം നല്‍കി. ഒക്ടോബര്‍ 15ന് മുമ്പായി ഏരിയ കമ്മിറ്റികളും നവംമ്പര്‍ 30നു മുമ്പായി സെന്‍ട്രല്‍ കമ്മിറ്റികളും ഡിസംബര്‍ അവസാന വാരത്തില്‍ നാഷണല്‍ കമ്മിറ്റിയും നിലവില്‍ വരും. സംസ്ഥാന മുസ്ലിംലീഗ് കമ്മിറ്റി അംഗീകരിച്ച ഭരണഘടനപ്രകാരമായിരിക്കും തെരഞ്ഞെടുപ്പുപ്രക്രിയകള്‍ പൂര്‍ത്തിയാക്കുക. റിയാദിലെ കെഎംസിസി നാഷണല്‍ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ പ്രസിഡന്റ്് കെ.പി. മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് സ്വാഗതം പറഞ്ഞു.

ജനാതിപത്യത്തിന്റെ പഴുതിലൂടെ എകാധിപതിയുടെ എല്ലാ ലക്ഷണങ്ങളും പുറത്തെടുത്ത നരേന്ദ്ര മോദിക്ക് അര്‍ഹിച്ച പ്രഹരമാണ് ഡല്‍ഹി ജനത നല്‍കിയതെന്നും വോട്ടര്‍മാര്‍ക്ക് മുന്നില്‍വച്ച ജനപ്രിയ നയങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിലും അഴിമതി മുക്തമായ ഭരണം കാഴ്ച്ച വയ്ക്കുന്നതിലും കേജരിവാളിന്റെ ഇച്ചാശക്തിയെയാണ് ഇനി ഇന്ത്യ ഉറ്റുനോക്കുന്നതെന്നും എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി.

നാദാപുരം തൂണേരി മേഖലയില്‍ സംഘര്‍ഷമുണ്ടാക്കി സമാധാനം തകര്‍ക്കാനുള്ള മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ നീക്കങ്ങളെ നേരിടുന്നതില്‍ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. വീടുകളും സ്വത്തുക്കളും നഷ്ടപ്പെട്ട പ്രവാസികളടക്കമുള്ളവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം കാലതാമസം കൂടാതെ നല്‍കണം.

അന്തരിച്ച സൌദിയുടെ മുന്‍ ഭരണാധികാരി അബ്ദുള്ള രാജാവിന്റെ വിയോഗത്തില്‍ യോഗം അനുശോചിച്ചു. പുതുതായി ഭരണസാരഥ്യമേറ്റെടുത്ത സല്‍മാന്‍ രാജാവിന്റെ ഭരണപരിഷ്കാരങ്ങള്‍ സൌദിയിലെ പ്രവാസി സമഹൂത്തിന് കൂടുതല്‍ സുരക്ഷിതമായ സാഹചര്യമുണ്ടാക്കുന്ന നടപടികളാണ്.

ആയിരക്കണക്കിനാളുകളെ അംഗങ്ങളാക്കിയ കെഎംസിസി സാമൂഹ്യ സുരക്ഷ പദ്ധതി കാമ്പയിന്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാനും വന്‍ വിജയമാക്കാനും സഹായിച്ച കെഎംസിസി കമ്മിറ്റികളെയും പ്രവര്‍ത്തകരേയും യോഗം അഭിനന്ദിച്ചു.

കെഎംസിസി കായിക വിഭാഗത്തിന് കീഴില്‍ നാലു പ്രവിശ്യകളിലായി നടക്കുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റിനുള്ള സംഘാടക സമിതിക്കും യോഗം രൂപം നല്‍കി. ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സൊസൈറ്റിയുടെ ഭാരത് ഗൌരവ് അവാര്‍ഡ് നേടിയ നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഡോ. കാവുങ്ങല്‍ മുഹമ്മദിനെ യോഗം അഭിനന്ദിച്ചു.

സി. ഹാഷിം എന്‍ജിനിയര്‍, പാലൊളി മുഹമ്മദലി, എ.പി. ഇബ്രാഹിം മുഹമ്മദ്, പി.വി.സി. മമ്മു, മുഹമ്മദ് കുട്ടി മാതാപുഴ, എം.എ. അസീസ് ചേളാരി, ഡോ. കാവുങ്ങല്‍ മുഹമ്മദ്, വി.കെ. മുഹമ്മദ്, റഫീഖ് പാറക്കല്‍, കെ.വി.എ. ഗഫൂര്‍, എസ്.വി. അര്‍ഷുല്‍ അഹമ്മദ്, കുന്നുമ്മല്‍ കോയ, കോയാമു ഹാജി, മുജീബ് പൂക്കോട്ടൂര്‍, സി.പി. മുസ്തഫ, സുലൈമാന്‍ മാളിയേക്കല്‍, എം. മൊയ്തീന്‍ കോയ, ലത്തീഫ് തച്ചമ്പൊയില്‍, നാസര്‍ കഴക്കൂട്ടം, സി.കെ. ശാക്കിര്‍, മുജീബ് ഉപ്പട ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്രട്ടറി ബഷീര്‍ മൂന്നിയൂര്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍