ഡെറി സെന്റ് മേരീസ് പള്ളിയില്‍ കന്യാമറിയത്തിന്റെ തിരുനാള്‍ ഭക്തിസാന്ദ്രമായി
Monday, February 16, 2015 8:18 AM IST
ഡെറി: നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ഡെറി ഇടവകയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ ഭക്തിസാന്ദ്രമായി. ശനിയാഴ്ച ഇടവക വികാരി ഫാ. ജോസഫ് കറുകയില്‍ കൊടിയേറ്റ് നിര്‍വഹിച്ചതോടെയാണു തിരുനാള്‍ ആഘോഷങ്ങള്‍ക്കു തുടക്കമായത്. ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ദേവാലയത്തില്‍ നടന്ന തിരുനാള്‍ തിരുക്കര്‍മങ്ങളില്‍ ഫാ. ഫിലിപ്പ് പന്തമാക്കല്‍, ഫാ. ആന്റണി പെരുമായന്‍, ഫാ. ജോസഫ് കറുകയില്‍ തുടങ്ങിയവര്‍ കാര്‍മികരായി. തുടര്‍ന്ന് പരിശുദ്ധഅമ്മയുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള തിരുനാള്‍ പ്രദക്ഷിണം, വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം സ്നേഹവിരുന്ന് എന്നിവ നടന്നു. ഇതേസമയം വിശ്വാസികള്‍ അടിമവച്ചു. നേര്‍ച്ചകാഴ്ചകള്‍ അര്‍പ്പിച്ച് പരിശുദ്ധ അമ്മയുടെ മധ്യസ്ഥം തേടി.

ഡെറി വിശ്വമാതാ കമ്യൂണിക്കേഷന്‍സിന്റെ ക്രിസ്തീയ ഗാനമേളയും അരങ്ങേറി. കൈക്കാരന്മാരായ ആന്റണി ഫിലിപ്പ്, ജോസഫ് അഗസ്റിന്‍ എന്നിവരുടെ നേതൃത്വത്തില്‍ പാരിഷ് കൌണ്‍സില്‍ അംഗങ്ങളും സണ്‍ഡേ സ്കൂള്‍ അധ്യാപകരും ഇടവകജനവും സംയുക്തമായി തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയവര്‍ക്കും കമ്മിറ്റി അംഗങ്ങള്‍ക്കും വികാരി ഫാ. ജോസഫ് കറുകയില്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍