കുവൈറ്റില്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തി
Monday, February 16, 2015 8:13 AM IST
കുവൈറ്റ്: എസ്വൈഎസ് 60-ാമത് വാര്‍ഷിക സമ്മേളനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐസിഎഫ് കുവൈറ്റ് നാഷണല്‍ കമ്മിറ്റി പൊതുസമ്മേളനം സംഘടിപ്പിച്ചു.

അബാസിയ പാക്കിസ്ഥാന്‍ ഇംഗ്ളീഷ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ എസ്വൈഎസ് സംസ്ഥാന കമ്മിറ്റി അംഗം വടശേരി ഹസന്‍ മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി.

രാജ്യത്തിനും സമൂഹത്തിനും പൊതുവേയും മുസ്ലിം സമുദായത്തിന് പ്രത്യേകിച്ചും ഉപകാരപ്രദവും സര്‍വതലസ്പര്‍ശിയുമായ വിദ്യാഭ്യാസ ,സാമൂഹിക, ആതുരസേവന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചുകൊണ്ടാണു പ്രസ്ഥാനസമ്മേളനങ്ങള്‍ അതിന്റെ ഉത്ഭവകാലം മുതല്‍ ഇന്നോളം നടത്തിയിട്ടുള്ളതെന്നു വടശേരി ഹസന്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു.

കോടിക്കണക്കിനു രൂപയുടെ സാന്ത്വന പ്രവര്‍ത്തനങ്ങളും വിദ്യഭ്യാസ സമുച്ഛയങ്ങളും രാജ്യത്തിനു സമര്‍പ്പിച്ചാണ് അറുപതാം വാര്‍ഷികം മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാഷണല്‍ പ്രസിഡന്റ് അബ്ദുള്‍ ഹകീം ദാരിമി അധ്യക്ഷത വഹിച്ചു. നാഷണല്‍ ജനറല്‍ സെക്രട്ടറി അലവി സഖാഫി തെഞ്ചേരി ഉദ്ഘാടനം ചെയ്തു. സുപ്രീം കൌണ്‍സില്‍ സയിദ് അബ്ദുറഹ്മാന്‍ ബാഫഖി ഐക്യദാര്‍ഢ്യ സന്ദേശം നല്‍കി. കെസിഎഫ് ചെയര്‍മാന്‍ ഹബീബ് കോയ, ആര്‍എസ്സി ചെയര്‍മാന്‍ അബ്ദുള്‍ ലത്തീഫ് സഖാഫി ആശംസകള്‍ അര്‍പ്പിച്ചു. നാഷണല്‍ ഇസി ജനറല്‍ കണ്‍വീനര്‍ ഷുക്കൂര്‍ കൈപ്പുറം സ്വാഗതവും അസിസ്റന്റ് കണ്‍വീനര്‍ അബു മുഹമ്മദ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍