മലയാളനാട് യുഎഇ ഘടകം അഞ്ചാം വാര്‍ഷികവും കുടുംബസംഗമവും നടത്തി
Saturday, February 14, 2015 10:37 AM IST
ഷാര്‍ജ : സോഷ്യല്‍ മീഡിയ കൂട്ടായ്മയായ മലയാളനാട് യുഎഇ ഘടകത്തിന്റെ അഞ്ചാമത് വാര്‍ഷികവും കുടുംബ സംഗമവും 'ഗ്രാമിക' എന്ന പേരില്‍ വിവിധ സാംസ്കാരിക പരിപാടികളോടുകൂടി ആഘോഷിച്ചു.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നടന്ന സമ്മേളനം പ്രസിദ്ധ കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഹരിതദര്‍ശനം എന്ത് എന്തിന്? എന്ന വിഷയത്തിന്മേല്‍ നടത്തിയ സെമിനാറില്‍ പ്രസിദ്ധ ഇക്കോ ശാസ്ത്രഞ്ജന്‍ ഡോ. അബ്ദുള്‍ ഖാദര്‍ മുഖ്യ പ്രഭാഷണം നടത്തി. ഡോ. പി.കെ. പോക്കര്‍, ഫൈസല്‍ ബാവ, മിതിലാജ്, സലിം ദിവാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

സാമൂഹ്യ വിഷയങ്ങള്‍ ജനമധ്യത്തില്‍ എത്തിക്കുന്നതിനായി സോഷ്യല്‍ മീഡിയയെ ഫലപ്രദമായി ഉപയോഗിക്കുന്ന പൊതുപ്രവര്‍ത്തകര്‍ക്കായി മലയാളനാട് യുഎഇ ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന 'ഗ്രാമിക പുരസ്കാരം' ആദിവാസികള്‍ സെക്രട്ടേറിയേറ്റ് പടിക്കല്‍ നടത്തിയ നില്‍പ്പുസമരത്തിന്റെ സോഷ്യല്‍ മീഡിയ പ്രചാരണ വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ ടി.എന്‍ സന്തോഷിനു സമ്മാനിച്ചു. പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്കാരം. ഇന്ത്യന്‍ അസോസിയേഷന്‍ ലൈബ്രറിക്കായി മലയാളനാട് സംഭാവന നല്‍കിയ ഇരുനൂറോളം പുസ്തകങ്ങള്‍ സമ്മേളനത്തില്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ബാലകൃഷ്ണന്‍, സെക്രട്ടറി വൈ.എ റഹിം എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. കൂടാതെ ആഫ്രിക്കയിലെ ടാന്‍സാനിയയിലെ കിച്ചന്കാനി ഗ്രാമത്തില്‍ പൊതുജന സഹായത്തോടെ നിര്‍മിക്കുന്ന പുസ്തക ലൈബ്രറിക്കായി നൂറോളം പുസ്തകങ്ങള്‍ സംഭാവന നല്‍കുകയും ചെയ്തു. തുടര്‍ന്നു യുഎഇയിലെ വിവിധ കലാകാരന്മാര്‍ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.

മലയാളനാട് യുഎഇ ചാപ്റ്റര്‍ പ്രസിഡന്റ് അഡ്വ. ജയിംസ് വിന്‍സെന്റ് അധ്യക്ഷത വഹിച്ച സമ്മേളനത്തിനു സെക്രട്ടറി സുനില്‍രാജ് സ്വാഗതവും നസീര്‍ ഒസ്മാന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ. സുനില്‍രാജ്