ഏഴു ദിവസം, ആറു രാജ്യം: മെര്‍ക്കല്‍ പിന്നിട്ടതു നയതന്ത്രവാരം
Saturday, February 14, 2015 10:35 AM IST
ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ പിന്നിട്ടതു മാരത്തണ്‍ നയതന്ത്ര ചര്‍ച്ചകളുടെ വാരം. കീവ്, മോസ്കോ, വാഷിംഗ്ടണ്‍, ഒട്ടാവ, മിന്‍സ്ക് എന്നിവിടങ്ങളില്‍ നടന്ന സമാധാന ചര്‍ച്ചകളിലാണ് ഒരാഴ്ചയ്ക്കിടെ അവര്‍ പങ്കെടുത്തത്. ഇതിനിടെ ബര്‍ലിനിലെയും മ്യൂണിക്കിലെയും ആഭ്യന്തര ചര്‍ച്ചകളിലും പങ്കെടുത്തു.

പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ ആറു രാജ്യങ്ങള്‍ക്കിടയില്‍ പരന്നു കിടന്ന യാത്രകള്‍, രാത്രി വെളുക്കുവോളം ദീര്‍ഘിച്ച ചര്‍ച്ചകള്‍. ഒടുവില്‍ പതിനേഴു മണിക്കൂര്‍ ചര്‍ച്ചയ്ക്കൊടുവില്‍ യുക്രെയ്നിലെ വെടിനിര്‍ത്തല്‍ കരാറും യാഥാര്‍ഥ്യമായി. യൂറോപ്പിലെ ഉരുക്കുവനിത എന്ന വിശേഷണം അരക്കിട്ടുറപ്പിച്ച മെര്‍ക്കലിന് ഇപ്പോള്‍ ചേരുന്നത് യൂറോപ്പിന്റെ രാജ്ഞി എന്ന അതിവിശേഷണമാണ്.

ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് അദ്ഭുതം കൂറുകയാണ് ജര്‍മന്‍ പത്രങ്ങള്‍. ചാന്‍സലര്‍ക്ക് എപ്പോഴാണ് അല്‍പ്പമെങ്കിലും ഉറങ്ങാന്‍ സമയം കിട്ടുന്നതെന്നാണ് അവരുടെ ചോദ്യം. അറുപതുകാരിയുടെ മുഖത്ത് ഒരിക്കലും ക്ഷീണത്തിന്റെ ലക്ഷണങ്ങള്‍ പോലും കാണാന്‍ കിട്ടില്ലെന്നതാണു കൂടുതല്‍ വിസ്മയം.

ഊര്‍ജസ്വലതയും വെല്ലുവിളികള്‍ കൂടുന്തോറും ഏകാഗ്രത വര്‍ധിക്കുന്ന സ്വഭാവവുമാണ് മെര്‍ക്കലിനെ ഇതിനെല്ലാം സഹായിക്കുന്നതെന്ന് അവരുടെ യാത്രാസംഘത്തിലെ പതിവുകാര്‍ പറയുന്നു. മുന്‍ ചാന്‍സലര്‍മാരില്‍നിന്നു വിഭിന്നമായി, മെര്‍ക്കലിന്റെ യാത്രകള്‍ എപ്പോഴും ടൈറ്റ് ഷെഡ്യൂളുകളിലായിരിക്കുമെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു.

കഴിഞ്ഞ ആഴ്ചത്തെ മെര്‍ക്കലിന്റെ യാത്രാ പരിപാടികള്‍ ഇങ്ങനെയായിരുന്നു:

ഫെബ്രുവരി 5- കീവില്‍ സമാധാന ചര്‍ച്ചയ്ക്കു തുടക്കം.
ഫെബ്രുവരി 6- ബര്‍ലിനില്‍ ഇറാക്കി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച.
ഫെബ്രുവരി 6- മോസ്കോയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ചര്‍ച്ച.
ഫെബ്രുവരി 7- മ്യൂണിച്ച് സുരക്ഷാ ഉച്ചകോടിയില്‍ പ്രസംഗം.
ഫെബ്രുവരി 8- വാഷിംഗ്ടണിലേക്കുള്ള യാത്ര.
ഫെബ്രുവരി 9- യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുമായി ചര്‍ച്ച.
ഫെബ്രുവരി 10- കനേഡിയന്‍ പ്രധാനമന്ത്രി പോള്‍ ഹാര്‍പ്പറുമായി ചര്‍ച്ച ഒട്ടാവയില്‍.
ഫെബ്രുവരി 11- ജര്‍മനിയുടെ മുന്‍ പ്രസിഡന്റിന്റെ സംസ്കാരചടങ്ങുകള്‍ക്കു ബര്‍ലിനില്‍.
ഫെബ്രുവരി 11- ബലാറസ് തലസ്ഥാലനമായ മിന്‍സ്കിലേക്ക.്
ഫെബ്രുവരി 12- പുലര്‍ച്ച വരെ ദീര്‍ഘിച്ച സമാധാന ചര്‍ച്ചകള്‍ക്കുശേഷം ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിക്കുള്ള യാത്ര.

ഒരു ദിവസത്തിലെ 24 മണിക്കൂറില്‍ ഇവര്‍ ചെയ്യുന്ന കാര്യങ്ങളും അതോടൊപ്പം പറയുന്ന കാര്യങ്ങളും എല്ലാംകൂട്ടി വായിച്ചാല്‍ ഫോട്ടോ ഫിനിഷിംഗില്‍ എത്തിച്ചേരുന്നു. അതും അതീവ ജാഗ്രതയുടെ തികവില്‍ ആധികാരികമായി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍