നജഫ്ഗഡ് വലിയ പൊങ്കാല ഫെബ്രുവരി 15ന്
Saturday, February 14, 2015 9:49 AM IST
ന്യൂഡല്‍ഹി : നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ വലിയ പൊങ്കാല ഞായര്‍ പുലര്‍ച്ചെ നാലു മുതല്‍ ക്ഷേത്രവും പരിസര പ്രദേശങ്ങളും ജനസമുദ്രമാവും. ദേവീ മന്ത്രജപമുയരുന്ന അന്തരീക്ഷത്തില്‍ പൊങ്കാല അടുപ്പുകളില്‍നിന്ന് ഉയരുന്ന ധൂമപടലങ്ങള്‍ നജഫ്ഗഡിനെ പൊന്നാട അണിയിക്കും.

വ്രതശുദ്ധിയോടും ആത്മ സമര്‍പ്പണത്തോടും കൂടി സ്ത്രീകളും കന്യകമാരും ക്ഷേത്രാങ്കണത്തില്‍ അടുപ്പുകൂട്ടി അരി ശര്‍ക്കര എന്നിവ വച്ച്, തിളച്ചു തൂവി പാകമാവുമ്പോള്‍ തീര്‍ഥം തളിച്ച നിവേദ്യം ദേവീ മന്ത്രജപത്തോടെ അഭീഷ്ട വര പ്രദായിനിയായ ഭഗവതിക്കു സമര്‍പ്പിക്കുമ്പോള്‍ ദീര്‍ഘ സുമംഗലീത്വം, മംഗല്യഭാഗ്യം, ആയുരാരോഗ്യ സമ്പദ്സമൃദ്ധി ഇവയെല്ലാം അരുളി അമ്മ തന്റെ ഭക്തരെ കാത്തു രക്ഷിക്കുമെന്നാണു സങ്കല്‍പ്പം.

മഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. രാവിലെ നാലു മുതല്‍ ക്ഷേത്രാങ്കണത്തിലെ കൌണ്ടറുകളില്‍നിന്നു പൊങ്കാല കൂപ്പണുകളും മറ്റു വഴിപാടു രസീതുകളും നേരത്തെ ബുക്ക് ചെയ്യാത്തവര്‍ക്കു വാങ്ങാം. പൊങ്കാല സമര്‍പ്പണത്തിനുള്ള സാധന സാമഗ്രികള്‍ ക്ഷേത്രത്തിലെ കൌണ്ടറില്‍നിന്നു ലഭിക്കും. പൊങ്കാലയിടുന്ന സ്ത്രീജനങ്ങള്‍ക്കായി അന്നദാനത്തിനു പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.

മഹോത്സവത്തിന്റെ ഭാഗമായി ശ്രീ ഭഗവതി ക്ഷേത്ര ട്രസ്റ് പ്രസിഡന്റ് പി.ആര്‍. പ്രേമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേരുന്ന സാംസ്കാരിക സമ്മേളനത്തില്‍ സാമൂഹിക-സാംസ്കാരികരംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ട്രസ്റ് സെക്രട്ടറി കെ.വി. നാരായണന്‍ കൃതജ്ഞത പറയും.

വലിയ പൊങ്കാലയോടനുബന്ധിച്ചു വിശേഷാല്‍പൂജകള്‍ ഉണ്ടാവും. രാവിലെ 8.30നു വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍നിന്നു കൊളുത്തുന്ന നെയ്ത്തിരി നാളത്താല്‍ പ്രത്യേകം തയാറാക്കുന്ന പണ്ടാര അടുപ്പിലേക്ക് അഗ്നി പകരും. തുടര്‍ന്നു വ്രതശുദ്ധിയുടെ സൌഭാഗ്യവുമായി ഭക്തസഹസ്രങ്ങള്‍ തങ്ങളുടെ പൊങ്കാല അടുപ്പുകളില്‍ പണ്ടാര അടുപ്പില്‍നിന്നു കൊളുത്തുന്ന തീനാളം ജ്വലിപ്പിക്കും. തുടര്‍ന്ന് തിളച്ചു തൂവിയ പൊങ്കാലക്കലങ്ങളില്‍ തിരുമേനിമാര്‍ തീര്‍ഥം തളിക്കും. ഉച്ചപൂജ, ഉച്ച ദീപാരാധന എന്നിവയാണു മറ്റു പ്രധാന പൂജകള്‍. ഉച്ചയ്ക്ക് അന്നദാനവും ഉണ്ടാവും.

ക്ഷേത്ര നടയില്‍ പറ നിറക്കല്‍ ചടങ്ങ് നടത്താന്‍ ആഗ്രഹിക്കുന്ന ഭക്ത ജനങ്ങള്‍ക്കായി പ്രത്യേകം സംവിധാനവുമുണ്ട്. രാവിലെ ഒമ്പതു മുതല്‍ ശ്രീ മൂകാംബിക ഭജന സമിതി, ആശ്രം നടത്തുന്ന ഭജന എന്നിവ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: യശോധരന്‍ നായര്‍ 9811219540, കെ.വി നാരായണന്‍ (ജനറല്‍ സെക്രട്ടറി) 9650421311.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി