സുരേഷ് ഭായ് പട്ടേലിനുനേരെയുണ്ടായ മര്‍ദനം അങ്ങേയറ്റം വേദനാജനകം: അമി ബറെ
Saturday, February 14, 2015 8:32 AM IST
അലബാമ: അമേരിക്കയില്‍ സന്ദര്‍ശനത്തിനെത്തിയ ഗുജറാത്തില്‍നിന്നുളള സുരേഷ് ഭായ് പട്ടേലിന് പോലീസ് മര്‍ദ്ദനമേറ്റ സംഭവം ഭയനകവും വേദനാ ജനകവുമാണെന്നു ഫെബ്രുവരി 13നു നടത്തിയ പ്രസ്താവനയില്‍ സാക്രമെന്റോയില്‍നിന്നുളള അമേരിക്കന്‍ കോണ്‍ഗ്രസ് അംഗവും ഇന്ത്യന്‍ വംശജനുമായ അമി ബറെ അഭിപ്രായപ്പെട്ടു.

അലബാമയിലുളള മകന്റെ വീട്ടില്‍ രണ്ടാഴ്ച മുമ്പാണു പട്ടേല്‍ (57) എത്തിയത്. വീടിനു സമീപം രാവിലെ നടക്കാനിറങ്ങിയതായിരുന്നു പട്ടേല്‍. സംശയകരമായ സാഹചര്യത്തില്‍ ഒരാള്‍ നടക്കുന്നു എന്ന വിവരം ലഭിച്ചതിനെ ത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് യാതൊരു പ്രകോപനവും ഇല്ലാതെയാണു പട്ടേലിനെ കൈവിലങ്ങണിയിച്ചത്. താഴേക്കു തള്ളിയിട്ടതും വീഴ്ചയില്‍ സാരമായി നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റ പട്ടേലിനെ അടിയന്തരമായി ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും ശരീരത്തിന്റെ ഒരു ഭാഗത്തെ ചലനശേഷി നഷ്ടപ്പെട്ടു.

സംഭവത്തിനുത്തരവാദിയായ പോലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍നിന്നും പിരിച്ചു വിട്ട് എഫ്ബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിനെ അമി ബറെ സ്വാഗതം ചെയ്തു.

ന്യൂനപക്ഷസമൂഹം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ തരണം ചെയ്യണമെങ്കില്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്നും എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളുമായി സഹകരിക്കണമെന്നും അമി ബറെ പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍