നവോദയ-സഫാ മക്ക ആര്‍ട്സ് അക്കാഡമി വാര്‍ഷികം ആഘോഷിച്ചു
Saturday, February 14, 2015 8:31 AM IST
റിയാദ്: റിയാദ് നവോദയയും സഫാ മക്ക പോളിക്ളീനിക്കും സംയുക്തമായി നടത്തുന്ന ആര്‍ട്സ് അക്കാഡമിയുടെ ഒന്നാം വാര്‍ഷികം റിയാദില്‍ നടന്നു. അഹമ്മദ് മേലാറ്റൂര്‍ അധ്യക്ഷത വഹിച്ച യോഗം ഫാത്തിമ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

കുട്ടികളുടെ സര്‍ഗവാസനകള്‍ പരിപോഷിപ്പിക്കുന്നതിന് ആര്‍ട്സ് അക്കാഡമി നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച ടീച്ചര്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്താന്‍ അക്കാഡമിക്കു കഴിയട്ടെയെന്ന് ആശംസിച്ചു. റിയാദില്‍ കുടുംബസമേതം താമസിക്കുന്ന മകന്‍ റസൂല്‍ സലാമിനടുത്ത് ഹൃസ്വസന്ദര്‍ശനത്തിനെത്തിയതാണു ഫാത്തിമ ടീച്ചര്‍.

മുഖ്യപ്രഭാഷകനായിരുന്ന കിംഗ് അബ്ദുള്ള വിദ്യാഭ്യാസ പദ്ധതി നിര്‍വഹണ കമ്മിറ്റിയംഗംകൂടിയായ ഡോ. ജയചന്ദ്രന്‍, പുസ്തകപഠനത്തിനപ്പുറം കുട്ടികളുടെ മറ്റു കഴിവുകള്‍ തിരിച്ചറിഞ്ഞ് അതിനെ പ്രോത്സാഹിപ്പിക്കാനും പരിശിലനം നല്‍കാനും രക്ഷകര്‍ത്താക്കള്‍ പ്രത്യേക താത്പര്യം കാട്ടേണ്ടതിന്റെ ആവശ്യകത വിവരിച്ചു. എക്സലന്‍സ് ഒഫ് എഡ്യൂക്കേഷന്‍ എന്നത് പരീക്ഷയിലെ ഉന്നത വിജയം മാത്രമല്ല, മറിച്ച് വിവിധ കലാ-കായിക-ശാസ്ത്ര-സാമൂഹ്യ മേഖലകളിലെ ഇടപെടല്‍കൂടിയാണ്. രക്ഷകര്‍ത്താക്കളുടെ സ്നേഹവും പരിചരണവും ഓരോ കുട്ടിയും ആഗ്രഹിക്കുന്നുണ്ട്. എപ്പോഴും വടിയുമായി പഠിക്കൂ പഠിക്കൂ എന്നു നിര്‍ബന്ധിക്കുകയല്ല, കുട്ടികളുടെ മറ്റു കഴിവുകള്‍ തിരിച്ചറിഞ്ഞ് അവര്‍ക്കു ശരിയായ ശിക്ഷണം നല്‍കി പ്രോത്സാഹിപ്പിക്കാനും രക്ഷകര്‍ത്താക്കള്‍ക്ക് ബാധ്യതയുണ്െടന്നു ജയചന്ദ്രന്‍ ഉണര്‍ത്തി. ദീപാ ജയകുമാര്‍ ആര്‍ട്സ് അക്കാഡമിയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെകുറിച്ചുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഷൈജു ചെമ്പൂര്‍, രതീഷ് എന്നിവര്‍ പ്രസംഗിച്ചു. ജ്യോതി സതീഷ് സ്വാഗതം ആശംസിച്ചു.

അക്കാഡമി വിദ്യാര്‍ഥികളുടെ ചിത്രപ്രദര്‍ശനവും വിവിധ കലാപരിപാടികളും നടന്നു. നവോദയ കുടുംബവേദി അംഗങ്ങള്‍ അവതരിപ്പിച്ച 'കേരള നടനം' പ്രത്യേക പ്രശംസ നേടി. കലാപരിപാടിയില്‍ പങ്കെടുത്തവര്‍ക്കു പുരസ്കാരങ്ങള്‍ കുടുംബവേദി അംഗങ്ങള്‍ കൈമാറി. നയന്‍താര പ്രദീപ് ആങ്കറിംഗ് നിര്‍വഹിച്ചു. പുതുതായി രൂപവത്കരിച്ച നവോദയ ഓര്‍ക്കസ്ട്രയുടെ ഗാനമേളയോടെ വാര്‍ഷികാഘോഷ പരിപാടി സമാപിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍