ബംഗളൂരു ട്രെയിന്‍ അപകടത്തില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ അനുശോചിച്ചു
Saturday, February 14, 2015 8:29 AM IST
വിയന്ന: അഞ്ചു മലയാളികള്‍ അടക്കം പത്തിലധികം ആളുകളുടെ മരണത്തിനിടയാക്കുകയും അനേകര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത ബംഗളൂരു ട്രെയിന്‍ അപകടത്തില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ അനുശോചിച്ചു.

ബംഗളൂരുവില്‍നിന്ന് കൊച്ചിയിലേക്കു യാത്രതിരിച്ച ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസാണു പാളം തെറ്റിയത്. ഹൊസൂരിനും ആനയ്ക്കലിനുമിടയില്‍ വിജനമായൊരു സ്ഥലത്താണ് ദുരന്തമുണ്ടായത്. തൃശൂര്‍ പൂവത്തൂര്‍ സ്വദേശി അമന്‍ (9) ഇട്ടീര ആന്റണി (57), പാലക്കാട് സ്വദേശി വിപിന്‍, കൊല്ലം സ്വദേശി ഇര്‍ഷാ മനാഫ്, തൃശൂര്‍ സ്വദേശി ജോര്‍ജ് എന്നിവരാണു മരിച്ച മലയാളികള്‍. അനേകരുടെ നില ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.

അകാലത്തില്‍ പൊലിഞ്ഞുപോയ അഞ്ചു മലയാളികളുടെയും ആത്മാക്കളുടെ നിത്യശാന്തിക്കായി പ്രാര്‍ഥിക്കുന്നുവെന്നും അവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ എത്രയും വേഗം സൌഖ്യം പ്രാപിക്കാന്‍ ഈശ്വരന്‍ സഹായിക്കട്ടെയെന്നും പ്രവാസി മലയാളി ഫെഡറേഷനുവേണ്ടി ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ മാത്യു മൂലേച്ചേരില്‍ എന്നിവര്‍ അറിയിച്ചു.