പാല്‍കോപ്പയില്‍ പൂത്ത സമാധാന കരാര്‍
Friday, February 13, 2015 10:16 AM IST
മിന്‍സ്ക്: റഷ്യയും യുക്രെയ്നും തമ്മിലുള്ള സമാധാന ചര്‍ച്ച ബെലാറസ് തലസ്ഥാനത്ത് രാത്രി പുലരുവോളം ദീര്‍ഘിച്ചു. നേതാക്കളെ അവിടെ ഉണര്‍ത്തിയും ഉണര്‍വോടെയും ഇരുത്തിയതു കാപ്പിയും പാലും പാല്‍ ഉത്പന്നങ്ങളും.

ബെലാറസ് തലസ്ഥാനമായ മിന്‍സ്കില്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെയും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദിന്റെയും മധ്യസ്ഥതയിലാണു ചര്‍ച്ചകള്‍ നടത്തിയത്. ഈ പ്രദേശത്തെ പ്രശസ്തമായ കാപ്പിയും പാല്‍ ഉത്പന്നങ്ങളും രാത്രി ബക്കറ്റ് കണക്കിനാണത്രേ ചെലവായത്.

ഓംലെറ്റ്, ചീസ് തുടങ്ങിയവയാണു കാപ്പിക്കൊപ്പം കഴിക്കാന്‍ കൊടുത്തത്. സമാധാനത്തിന്റെ മെനു വിശദീകരിച്ചതു ബെലാറസ് പ്രസിഡന്റ് ലൂക്കാഷെങ്കോ നേരിട്ട്.

1994 മുതല്‍ ബെലാറസിന്റെ ഭരണം കൈയാളുന്ന ലൂക്കാഷെങ്കോ യൂറോപ്പിലെ അവസാന ഏകാധിപതി എന്നറിയപ്പെടുന്നയാളാണ്. എതിര്‍പ്പുകള്‍ ഉരുക്കുമുഷ്ടിയാല്‍ അടിച്ചമര്‍ത്താന്‍ മടികാണിക്കാത്ത നേതാവ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍