പ്രവാസി മലയാളികള്‍ക്കു കേരള സര്‍ക്കാരിന്റെ വീഡിയോ കോണ്‍ഫറന്‍സ്
Friday, February 13, 2015 10:16 AM IST
ഫ്രാങ്ക്ഫര്‍ട്ട്/തിരുവനന്തപുരം: പ്രവാസി മലയാളികളുടെ പരാതികളും നിര്‍ദ്ദേശങ്ങളും കേള്‍ക്കാന്‍ കേരള സര്‍ക്കാര്‍ പുതിയതായി വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം ഒരുക്കുന്നു. ഇനി മുതല്‍ പ്രവാസി മലയാളിക്കു പരാതികള്‍ നല്‍കാന്‍ കേരളത്തില്‍ പോകാതെയും മറ്റുള്ളവരെ ഏര്‍പ്പെടുത്താതെയും സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. ദുബായില്‍ നടത്തിയ ഹ്രസ്വ സന്ദര്‍ശനത്തില്‍ കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണു വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം പ്രഖ്യാപിച്ചത്.

വീസാ തട്ടിപ്പ്, ട്രാവല്‍ ഏജന്റുമാരുടെ ചതി, തൊഴിലുടമകളുമായുള്ള പ്രശ്നങ്ങള്‍, പീഡനം, നാട്ടിലെ സ്വത്തുതര്‍ക്കം, കള്ളക്കേസുകള്‍, വിദേശത്തെ ഇന്ത്യന്‍ എംബസി-കോണ്‍സുലേറ്റുകളില്‍നിന്നുള്ള അവഗണന, തിക്താനുഭവങ്ങള്‍ എന്നിവ പ്രവാസി മലയാളികള്‍ക്കു പുതിയ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം തേടാം. സംസ്ഥാന സര്‍ക്കാരിന്റെ പരിധിക്കു പുറത്തുവരുന്ന വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ വിദേശ, ആഭ്യന്തര വകുപ്പുകളുടെ സഹായം തേടി പരിഹാരമുണ്ടാക്കും.

ഒരു എന്‍ആര്‍ഐ സെല്‍ എസ്പി ആയിരിക്കും വീഡിയോ കോളുകള്‍ സ്വീകരിക്കുന്നതും മറുപടി നല്‍കുന്നതും. ആഭ്യന്തരമന്ത്രിയുടെ സഹായം വേണ്ട സന്ദര്‍ഭങ്ങളില്‍ മന്ത്രി നേരിട്ട് ഇടപെടും. ഗൂഗിള്‍ പ്ളേ സ്റോറില്‍നിന്നു ഡൌണ്‍ലോഡ് ചെയ്യാവുന്ന രമേശ് ചെന്നിത്തല എന്ന മൊബൈല്‍ ആപ്ളിക്കേഷന്‍ വഴി മന്ത്രിയുമായി നേരിട്ട് ബന്ധപ്പെടാം. ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന എന്‍ആര്‍ഐ ഹെല്‍പ്പ് ഡെസ്ക്കും ആഭ്യന്തര മന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കും. ടെലിഫോണ്‍ 0471-2721547, 2729685, 2724890, 2722768. കൂടാതെ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ സഹയത്തോടെ എയ്ഡ്പോസ്റുകളും സ്ഥാപിക്കും.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍