ഗിന്നസ് റിക്കാര്‍ഡ് നേട്ടം ലക്ഷ്യമിട്ട് അബുദാബിയില്‍ 110 മണിക്കൂര്‍ നീളുന്ന ഗാനാലാപനം
Friday, February 13, 2015 7:07 AM IST
അബുദാബി: ആയിരത്തി അഞ്ഞൂറിലേറെ ഗാനങ്ങള്‍, 110 മണിക്കൂര്‍ നേരം തുടര്‍ച്ചയായ ഗാനാലാപനം പുതിയ ലോക റിക്കാര്‍ഡ് സൃഷ്ടിക്കാന്‍ അബുദാബിയില്‍ മലയാളി ഗായകന്‍ തയാറെടുക്കുന്നു.
അബുദാബി ഇന്ത്യ സോഷ്യല്‍ സെന്ററില്‍ ഫെബ്രുവരി 16 മുതല്‍ 21 വരെ തുടര്‍ച്ചയായി പാടിക്കൊണ്ട് ഗിന്നസ് ബുക്കില്‍ ഇടം നേടാനാണു പറവൂര്‍ സുധീര്‍ എന്ന യുവഗായകന്റെ ശ്രമം. 110 മണിക്കൂര്‍ നേരം നീളുന്ന ഗാനാലാപനയജ്ഞത്തില്‍ ആയിരത്തിയഞ്ഞൂറോളം ഗാനങ്ങളാകും പാടുക. ഒരു മണിക്കൂര്‍ തുടര്‍ച്ചയായി പാടുമ്പോള്‍ അഞ്ചു മിനിറ്റ് വിശ്രമിക്കാന്‍ അനുവാദമുണ്ട്. വിശ്രമ സമയം ഒന്നിച്ച് എടുക്കാനും അനുവാദമുണ്ട്.

ഫെബ്രുവരി 16നു വൈകുന്നേരം ഏഴിനു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഇന്ത്യന്‍ എംബസിയിലെ കമ്യൂണിറ്റി അഫയേഴ്സ് കൌണ്‍സിലര്‍ ആനന്ദ് ബര്‍ദന്‍ മുഖ്യാതിഥിയായിരിക്കും. 21ന് ഉച്ചയോടെ ഗാനാലാപനം പൂര്‍ത്തിയാകുമെന്നാണു സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

നാഗപ്പൂര്‍ സ്വദേശി രാജേഷ് ബുര്‍ബുറെ 105 മണിക്കൂര്‍ പാടിയാണു നിലവിലുള്ള ലോക റിക്കാര്‍ഡ് സൃഷ്ടിച്ചിരിക്കുന്നത്. 24 മണിക്കൂര്‍ തുടര്‍ച്ചയായി ഗാനാലാപനം നടത്തി ഗിന്നസ് ബുക്കില്‍ ഇടം നേടിയിട്ടുള്ള പറവൂര്‍ സുധീര്‍ രണ്ടായിരത്തിലേറെ ഗാനങ്ങളുടെ കരോക്കെ റിക്കാര്‍ഡ്സുമായാണ് അബുദാബിയില്‍ എത്തിയിരിക്കുന്നത്. ഇതില്‍ 650 ഗാനങ്ങളാകും ആലപിക്കുക . ഗാനഗന്ധര്‍വന്‍ യേശുദാസ് ആലപിച്ച സിനിമഗാനങ്ങളാകും ഇവയിലേറെയും. ഹിന്ദി, തമിഴ് ഗാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ രണ്ടു ദിവസങ്ങള്‍ക്കുശേഷം പാടിയ ഗാനങ്ങള്‍ വീണ്ടും പാടുന്നതാണ്.

എവര്‍ സേഫ് ഗ്രൂപ്പാണു പരിപാടി സ്പോണ്‍സര്‍ ചെയ്യ്തിരിക്കുന്നത്. ആറു ദിനങ്ങളും അഞ്ചു രാത്രികളും നീളുന്ന ഗാനാലാപന യജ്ഞത്തിനാവശ്യമായ എല്ലാ ക്രമീകരങ്ങളും പൂര്‍ത്തിയായതായി ഐഎസ്സി ജനറല്‍സെക്രട്ടറി ആര്‍. വിനോദ്കുമാര്‍ അറിയിച്ചു. വൈസ് പ്രസിഡന്റ് ബിജി തോമസ്, മാത്യു ജോസ്, മോഹ്സിന്‍, കെ.കെ അബ്ദുള്ള എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള