ജര്‍മന്‍ വിംഗ്സ് പൈലറ്റുമാര്‍ രണ്ടു ദിവസത്തെ സമരത്തിന്
Thursday, February 12, 2015 10:47 AM IST
ബര്‍ലിന്‍: ലുഫ്താന്‍സയുടെ ജര്‍മന്‍ വിംഗ്സ് വിഭാഗത്തിലെ പൈലറ്റുമാര്‍ രണ്ടു ദിവസത്തെ സമരം പ്രഖ്യാപിച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമാണു സമരം. നിരവധി വിമാന സര്‍വീസുകള്‍ റദ്ദാകും.

വ്യാഴാഴ്ചയും വെള്ളിയാഴ്ചയും സമരം ചെയ്യുന്നതായി ബുധനാഴ്ച മാത്രമാണു പ്രഖ്യാപനം വരുന്നത്. ഇതു പതിനായിരക്കണക്കിനു യാത്രക്കാരെ ബുദ്ധിമുട്ടിലാക്കും. എത്ര വിമാന സര്‍വീസുകള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്യുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നു ലുഫ്താന്‍സ അധികൃതര്‍ വ്യക്തമാക്കി.

ജര്‍മനിയിലെ ഏറ്റവും വലിയ എയര്‍ലൈന്‍ കമ്പനിയും പൈലറ്റുമാരുടെ യൂണിയനായ കോക്ക്പിറ്റും തമ്മില്‍ ഒരു വര്‍ഷമായി തുടരുന്ന അഭിപ്രായവ്യത്യാസങ്ങളുടെ പ്രതിഫലനമാണ് ഈ സമരം. 12 സമരങ്ങള്‍ ഇതിന്റെ ഭാഗമായി നടത്തിക്കഴിഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍