ഷിക്കാഗോയില്‍ മഞ്ഞനിക്കര ബാവയുടെ ഓര്‍മപ്പെരുന്നാള്‍ ഫെബ്രുവരി 14, 15 തീയതികളില്‍
Thursday, February 12, 2015 10:46 AM IST
ഷിക്കാഗോ: മലങ്കര സഭയില്‍ സമാധാനം സ്ഥാപിക്കാനായി അന്ത്യോഖ്യായില്‍ നിന്ന് എഴുന്നെള്ളി വന്ന് 1932-ല്‍ മഞ്ഞനിക്കരയില്‍ ഖബറടങ്ങിയ പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 83-മത് ഓര്‍മപ്പെരുന്നാള്‍ ഷിക്കാഗോയിലുള്ള സെന്റ് ജോര്‍ജ്, സെന്റ് മേരീസ്, സെന്റ് മേരീസ് ക്നാനായ എന്നീ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകകള്‍ സംയുക്തമായി ഫെബ്രുവരി 14,15 (ശനി, ഞായര്‍) എന്നീ തീയതികളില്‍ ഓക്ക് പാര്‍ക്കിലുള്ള സെന്റ് ജോര്‍ജ് സുറിയാനി പള്ളിയില്‍ ഗീവര്‍ഗീസ് കോര്‍എപ്പിസ്കോപ്പ തെക്കേക്കര, റവ.ഫാ. മാത്യു കുരുത്തലയ്ക്കല്‍, റവ. ഫാ. തോമസ് മേപ്പുറത്ത് എന്നീ വൈദിക ശ്രേഷ്ഠരുടെ കാര്‍മികത്വത്തിലും ഡീക്കന്‍ ലിജു പോളിന്റെ സഹകരണത്തിലും നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.

ഫെബ്രുവരി എട്ടിന് (ഞായര്‍) വിശുദ്ധ കുര്‍ബാനയ്ക്കുശേഷം സെന്റ് ജോര്‍ജ് സുറിയാനി പള്ളിയില്‍ കൊടിയേറ്റത്തോടെ പെരുനാളിനു തുടക്കമായി.

14-ന് (ശനി) വൈകുന്നേരം 6.30-ന് വിശ്വാസികള്‍ എത്തിച്ചേരും. ഏഴിന് സന്ധ്യാപ്രാര്‍ഥന, പ്രസംഗം, ആശീര്‍വാദം, ഭക്ഷണം എന്നിവയോടുകൂടി ശനിയാഴ്ചത്തെ പരിപാടികള്‍ സമാപിക്കും.

15-ന് (ഞായര്‍) രാവിലെ ഒമ്പതിന് പ്രഭാത പ്രാര്‍ഥനയും 10നു വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും പരിശുദ്ധ ബാവായുടെ നാമത്തില്‍ മധ്യസ്ഥ പ്രാര്‍ഥനയുമുണ്ടായിരിക്കും. വിശുദ്ധ കുര്‍ബാനാനന്തരം നേര്‍ച്ചവിളമ്പ്, ഷിക്കാഗോ ചെണ്ട ക്ളബിന്റെ വാദ്യമേളം, സ്നേഹവിരുന്ന്, കൊടിയിറക്കം എന്നീ ചടങ്ങുകളോടെ തിരുനാള്‍ സമാപിക്കും.

എല്ലാ വിശ്വാസികളും നേര്‍ച്ചകാഴ്ചകളോടെ പരിശുദ്ധ ബാവായുടെ ഓര്‍മപ്പെരുന്നാളില്‍ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് വൈദികശ്രേഷ്ഠര്‍ സ്നേഹപൂര്‍വം അഭ്യര്‍ഥിച്ചു.

ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം