വിശുദ്ധ ചാവറപ്പിതാവിന്റെ തിരുനാളും സമര്‍പ്പിതവര്‍ഷത്തിന്റെ ഉദ്ഘാടനവും നടത്തി
Wednesday, February 11, 2015 10:15 AM IST
പാഡര്‍ബോണ്‍: ജര്‍മനിയിലെ ക്രിസ്തുദാസി സിസ്റേഴ്സിന്റെ ആഭിമുഖ്യത്തില്‍ വിശുദ്ധ ചാവറ കുറിയാക്കോസ് ഏലിയാസച്ചന്റെ തിരുനാള്‍ ആഘോഷവും സമര്‍പ്പിതവര്‍ഷത്തിന്റെ ഉദ്ഘാടനവും നടത്തി.

ക്രിസ്തുദാസിസഭയുടെ പാഡര്‍ബോണിലെ റീജണല്‍ ഹൌസില്‍ നടന്ന
സമൂഹബലിയില്‍ ജര്‍മനിയിലെ വിവിധ രൂപതകളില്‍നിന്നെത്തിയ ഏഴു സിഎംഐ വൈദികര്‍ കാര്‍മികരായി. ഫാ. മാണി കുഴികണ്ടത്തില്‍ തിരുനാള്‍ സന്ദേശം നല്‍കി.

ഭാരതത്തിലെ ആദ്യത്തെ ഏതദ്ദേശീയ സന്യാസസഭകളുടെ സ്ഥാപകനായ വിശുദ്ധ ചാവറ പിതാവ,് അള്‍ത്താര വണക്കത്തിനു വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തിയതിന്റെ മുപ്പതാം വാര്‍ഷിക ദിനത്തില്‍ത്തന്നെ തിരുനാള്‍ സംഘടിപ്പിക്കപ്പെട്ടതെന്നതു ശ്രദ്ധേയമായി.

ക്രിസ്തുദാസി സമൂഹത്തിന്റെ ജര്‍മനിയിലെ സമര്‍പ്പിതവര്‍ഷത്തിന്റെ ഉദ്ഘാടന വേളയ്ക്കൊപ്പം സിസ്റര്‍ ലിയ കുറ്റിക്കാട്ടിലന്റെ വ്രതസമര്‍പ്പണവും നടത്തി. ക്രിസ്തുദാസി ഗായകസംഘത്തിന്റെ അകമ്പടിയോടെ നടന്ന മലയാളം പാട്ടുകുര്‍ബാന ഹോസ്പിറ്റലിലെ എല്ലാ രോഗികള്‍ക്കുമായി തത്സമയം സംപ്രേക്ഷണം ചെയ്യപ്പെട്ടപ്പോള്‍ അതില്‍ പങ്കുചേര്‍ന്ന ജര്‍മന്‍കാര്‍ക്കും പ്രത്യേക അനുഭവമായി.

തുടര്‍ന്നു നടന്ന സ്വീകരണ സമ്മേളനത്തില്‍ ഫാ. ജോസ് വടക്കേക്കര, ഫാ. പോള്‍ വെള്ളക്കട എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ക്രിസ്തുദാസിസഭയുടെ ജര്‍മനിയിലെ റീജണല്‍ സുപ്പീരിയര്‍ സിസ്റര്‍ റോസിലിറ്റ് സ്വാഗതം ആശംസിച്ചു. ക്രിസ്തുദാസി സമൂഹത്തിന് ജര്‍മനിയിലെ സിഎംഐ വൈദികരില്‍നിന്നു ലഭിച്ചിട്ടുള്ള സേവനങ്ങളെ നന്ദിയോടെ പ്രത്യേകം അനുസ്മരിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍