ഇടം സാംസ്കാരിക വേദി ചര്‍ച്ച സംഘടിപ്പിച്ചു
Wednesday, February 11, 2015 10:12 AM IST
റിയാദ്: ഇടം സാംസ്കാരിക വേദി 'ആവിഷ്കാര സ്വാതന്ത്യ്രത്തിന്റെ അതിരുകള്‍' എന്ന വിഷയത്തെ ആസ്പദമാക്കി ചര്‍ച്ച സംഘടിപ്പിച്ചു. സമ്മേളനം പ്രമുഖ സാഹിത്യകാരന്‍ ടി.ഡി. രാമകൃഷ്ണന്‍ ഫോണ്‍ ഇന്‍ വഴി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇഖ്ബാല്‍ കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. നിജാസ് വിഷയം അവതരിപ്പിച്ചു.

സര്‍ഗാത്മക സംവാദങ്ങളെ ഇല്ലാതാക്കുന്ന തരത്തില്‍ ചില ബോധ്യങ്ങളിലും വിശ്വാസങ്ങളിലും പെട്ട് ആവിഷ്കാരത്തിനും പൌരാവകാശങ്ങള്‍ക്കുമെതിരേ എല്ലാ മതസമൂഹങ്ങളും ഏതാണ്ടു സമാനമായ രീതിയില്‍ ഹിംസാത്മകമായി പ്രതികരിക്കുകയും മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പോലും ഇതിനെതിരേ പ്രതികരിക്കാന്‍ മടിച്ചു നില്‍ക്കുകയും ചെയ്യുന്ന 'ഇടം' സംഘടിപ്പിച്ച ചര്‍ച്ചയ്ക്ക് ഏറെ പ്രധാന്യമുണ്െടന്ന് ഇഖ്ബാല്‍ കൊടുങ്ങല്ലൂര്‍ പറഞ്ഞു.

കലയും സാഹിത്യവും കാലത്തോടും സമൂഹത്തോടുമുള്ള കലഹത്തില്‍നിന്നും സാധ്യമാകുന്നതാണെന്നും നിലവിലുള്ള വിശ്വാസങ്ങളെയും രീതികളെയും സാമൂഹ്യ ബോധ്യങ്ങളെയും പ്രശ്നവത്കരിക്കുകയും ചെയ്യുന്ന രീതിയില്‍ കലാപ്രവര്‍ത്തനം നടത്തുമ്പോള്‍ വളരെ ശക്തമായിട്ടുള്ള എതിര്‍പ്പ് സമൂഹത്തില്‍ നിന്നുണ്ടാകുന്നു. ഇത് ആവിഷ്കാരത്തെ അസാധ്യമാക്കുന്ന വിധം കലാകാരന്റെ നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്യുമെന്നു സമകാലീന സമാന സംഭവങ്ങളെ പരാമര്‍ശിച്ചുകൊണ്ട് ടി.ഡി. രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, കലാകാരന്‍ ഒരു സാമൂഹ്യപരിഷ്കാരത്താവോ രാഷ്ട്രീയ വിമോചകന്റെയോ റോള്‍ എടുക്കേണ്ടതില്ല. സമൂഹത്തിലെ പ്രശ്നങ്ങളെ വായനക്കാരുടെ മുന്നിലേക്കു കൊണ്ടുവന്ന് അവരെ ഒരു സംവാദത്തിന്റെ വേദിയിലേക്ക് എത്തിക്കുകയെന്ന പ്രക്രിയയാണു കലാകാരന്‍ ചെയ്യേണ്ടത്. അതുകൊണ്ടു കലാകാരന്‍ രക്തസാക്ഷി ആകേണ്ടതില്ല. പ്രതിസന്ധികളെ നേരിടേണ്ടി വരുമ്പോള്‍ കലാകാരന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. പ്രതിസന്ധികളെ തന്റെ കലാപരതയിലൂടെ മറികടക്കാനുള്ള ഊര്‍ജമാണു കലാകാരന്‍ ആര്‍ജിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ആത്മഹത്യ ചെയ്തയാള്‍ ഈ ഭൂമുഖത്ത് ജീവിച്ചിരുന്നിട്ടേയില്ല എന്ന മട്ടില്‍ അയാളുടെ അടയാളങ്ങളെ തുടച്ചു നീക്കാന്‍ അധികാരവ്യവസ്ഥ ശ്രമിക്കുന്ന പോലെയാണു താനെഴുതിയ നാലു നോവലുകളും മൂന്നു ചെറുകഥാ സമാഹാരങ്ങളും മൂന്ന് കവിതാ സമാഹാരങ്ങളും പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരനെക്കൊണ്ടു ഭരണകൂടം പിന്‍വലിപ്പിച്ചതെന്ന് വിഷയം അവതരിപ്പിച്ചു കൊണ്ട് നിജാസ് പറഞ്ഞു.

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഭീതിദമായ ഒരു കാലത്തെ തന്നിലൂടെ അടയാളപ്പെടുത്താന്‍വേണ്ടി മാത്രമായിരിക്കും അദ്ദേഹം എം.എഫ്. ഹുസൈന്‍, സല്‍മാന്‍ റുഷ്ദി, തസ്ലീമ നസ്രീന്‍ എന്നിവരെപ്പോലെ ആകാതെ എങ്ങും ഓടിപ്പോകാതെ നിന്നത്. പികെ സിനിമയില്‍ ആള്‍ദൈവം ഇന്ത്യയിലെ സംഘപരിവാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന വെറുപ്പിന്റെ മുന്‍വിധികളെയാണു പ്രവചനമായി അവതരിപ്പിക്കുന്നത്. ആ മുന്‍വിധിയുടെ അതിര്‍ത്തികളെ മറികടക്കുന്ന പ്രണയത്തിന്റെ വിജയം പ്രഖ്യാപിക്കുന്ന സിനിമ എല്ലാ ഫാസിസ്റ് അധികാരങ്ങള്‍ക്കും എതിരേ പ്രണയത്തെ ആയുധമായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.

ആവിഷ്കാരസ്വാതന്ത്യ്രത്തിന് അതിരുകള്‍ വയ്ക്കുന്നതിനോടു വിയോജിക്കുന്നുവെങ്കിലും ഒരു സിനിമയോ പുസ്തകമോ ഒരു വിഭാഗം ആളുകളുടെ വികാരം വ്രണപ്പെടുത്തിയാല്‍ അതിനോടുള്ള എതിര്‍പ്പ് സമാധാനപരമായ രീതിയില്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്യ്രവും ആവിഷ്കാര സ്വാതന്ത്യ്രത്തിന്റെ പരിധിയില്‍ വരും എന്നതാണു തന്റെ കാഴ്ചപ്പാടെന്നു സതീശന്‍ പന്തിരുപറയില്‍ പറഞ്ഞു. ജനാധിപത്യപരമായ സാമൂഹ്യ സഹവര്‍ത്തിത്വത്തിന്റെ നിലനില്‍പ്പിന് അനിവാര്യമായ ഒന്നാണു സര്‍ഗാത്മകമായി എന്തും ആവിഷ്കരിക്കാനുള്ള പൌരസ്വാതന്ത്യ്രമെന്നും ജനാധിപത്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തിക്കൊണ്ടും എല്ലാവിധ അധികാര സ്ഥാപനങ്ങളെയും അപനിര്‍മിച്ചുകൊണ്ടും മാത്രമേ ആവിഷ്കാര സ്വാതന്ത്യ്രത്തിനുമേല്‍ ഉയരുന്ന കൈയേറ്റങ്ങളെ ചെറുക്കാന്‍ കഴിയൂവെന്നും ജയചന്ദ്രന്‍ നെരുവമ്പ്രം അഭിപ്രായപ്പെട്ടു.

പേനയില്‍ക്കൂടെ ആവിഷ്കാരം നടത്തുന്നവരെപ്പോലെ തോക്കിലൂടെ ആവിഷ്കരിക്കാനുള്ള സ്വാതന്ത്രം തീവ്രവാദിക്കും അംഗീകരിച്ചു കൊടുക്കേണ്ടിവരുമെന്ന് ബഷീര്‍ (ഗള്‍ഫ് തേജസ്) പറഞ്ഞു. പരിധിയും പരിമിതിയുമില്ലാത്ത ആവിഷ്കാരം അംഗീകരിക്കാനാകില്ലെന്ന് അജ്മല്‍ അഭിപ്രായപ്പെട്ടു.

മതത്തിന്റെയോ സമുദായത്തിന്റെയോ കോര്‍പറേറ്റുകളുടേയോ താത്പര്യങ്ങള്‍ക്കു വിധേയമായി എഴുത്തുകാര്‍ നടത്തിക്കൊണ്ടിരിക്കുന്ന സെല്‍ഫ് സെന്‍സര്‍ഷിപ്പ് ശരിയായ വിധത്തില്‍ സാമൂഹ്യാവസ്ഥയെ പ്രതിഫലിപ്പിക്കുന്നതില്‍നിന്നും അവരെ തടയുന്നുണ്െടന്നും അതിനാല്‍ പലരും വ്യാജസാഹിത്യമായി അധഃപതിക്കുന്നതായും ആര്‍. മുരളീധരന്‍ പറഞ്ഞു. അംജദ് (പ്രവാസി സാംസ്കാരിക വേദി), അഹമ്മദ് മേലാറ്റൂര്‍ (നവോദയ), നിബു വര്‍ഗീസ്, കോശി (യുവകലാ സാഹിതി), സലിം (റിസാല), ബിനു, മുസ്തഫ, ജിമ്മി, അജയന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍