ചിരിയുടെ തലതൊട്ടപ്പനു കുടുംബജീവിതത്തില്‍ കാല്‍നൂറ്റാണ്ടിന്റെ സംതൃപ്തി
Wednesday, February 11, 2015 10:10 AM IST
ന്യൂകാസില്‍: യുകെയിലെ മലയാളിസമൂഹത്തിന്റെ ചിരിയുടെ തലതൊട്ടപ്പന് കുടുംബജീവിതത്തില്‍ കാല്‍നൂറ്റാണ്ടിന്റെ സംതൃപ്തി. നിഴലായി ഒപ്പംനിന്ന ആന്‍സിയുടെ മുഖത്ത് കണ്ടതു പതിവില്ലാത്ത നാണം. ജോയിപ്പാന്റെ മുഖത്ത് ഒരു നവവരന്റെ തലയെടുപ്പ്. ആശംസകളുമായി എത്തിയവരോടു പതിവു കുസൃതി. എല്ലാത്തിനും സാക്ഷികളായി സത്കാരത്തിനു മേല്‍നോട്ടം വഹിച്ച് മൂന്നു മക്കളും. ജോയിപ്പാന്‍ കഥകളിലെ സ്ഥിരംസാന്നിധ്യമായ തടിയമ്പാട്ടെ ടോം ജോസുമായുള്ള കൂടിക്കാഴ്ചയും വേറിട്ടുനിന്നു. അടുത്ത സുഹൃത്തു കൂടിയായ ടോം ജോസിനെ ജോയിപ്പാന്‍ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം അതിഥികള്‍ക്ക് ചിരിയുടെ നിമിഷങ്ങള്‍ സമ്മാനിച്ചു. നര്‍മം തുളുമ്പുന്ന നോവലുകളിലൂടെയും ആക്ഷേപ ഹാസ്യകഥകളിലൂടെയും ലേഖനങ്ങളിലൂടെയും യുകെയിലെ മലയാളികള്‍ക്ക് സുപരിചിതനാണു ജോയിപ്പാന്‍.

യുകെയിലെ എല്ലാ മേഖലയില്‍നിന്നുമുള്ള മലയാളികളുടെ സാന്നിധ്യം ചടങ്ങിനു കൊഴുപ്പേകി. സാമൂഹിക, സാംസ്കാരിക, കലാരംഗത്തുള്ളവരും സജീവമായി പരിപാടിയില്‍ പങ്കെടുത്തു. ജോയിപ്പാനും കുടുംബത്തിനും ആശംസകള്‍ നേര്‍ന്ന് വിജി പൈലി, അഡ്വ. സിജു ജോസഫ്, ദിലിപ് മാത്യു, ഗ്ളോബല്‍ പ്രവാസി മലയാളി കൌണ്‍സില്‍ ചെയര്‍മാന്‍ സാബു കുര്യന്‍, യുകെ വാര്‍ത്ത എഡിറ്റര്‍ ഷൈമോന്‍ തോട്ടുങ്കല്‍, ടോം ജോസ് തടിയംപാട്, ഷാജി വരാക്കുടി, വര്‍ഗീസ് ജോണ്‍, ബിന്‍സു ജോണ്‍, സജിഷ് ടോം എന്നിവര്‍ പ്രസംഗിച്ചു.

ഉച്ചകഴിഞ്ഞ് രണ്ടിനാരംഭിച്ച പരിപാടി രാത്രി എട്ടുവരെ തുടര്‍ന്നു. മാഞ്ചസ്ററിലെ ബിജു കലവറയുടെ ഭക്ഷണമായിരുന്നു പരിപാടിയിലെ മറ്റൊരു ശ്രദ്ധേയമായ സംഗതി.