കൊളോണ്‍ കേരള സമാജം വാര്‍ഷിക പൊതുയോഗം നടത്തി
Tuesday, February 10, 2015 10:14 AM IST
കൊളോണ്‍: കൊളോണ്‍ കേരളസമാജത്തിന്റെ വാര്‍ഷിക പൊതുയോഗം ജനുവരി 31ന്(ശനി) വൈകുന്നേരം നാലിനു കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയ ദേവാലയ പാരീഷ് ഹാളില്‍ നടത്തി.

സമാജം പ്രസിഡന്റ് ജോസ് പുതുശേരി അധ്യക്ഷത വഹിച്ചു. ഈശ്വരപ്രാര്‍ഥനയ്ക്കുശേഷം പ്രസിഡന്റിന്റെ സ്വാഗതത്തോടെ യോഗം ആരംഭിച്ചു. തുടര്‍ന്നു പ്രശസ്ത സിനിമാനടനും ഹാസ്യതാരവുമായ മാള അരവിന്ദന്‍, മുന്‍ ജര്‍മന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് ഫൊണ്‍ വൈസെക്കന്‍ എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ചു.

സമാജം ജനറല്‍ സെക്രട്ടറി ഡേവിസ് വടക്കുംചേരി 2014 ലെ വാര്‍ഷിക റിപ്പോര്‍ട്ടും വിവരങ്ങളും നല്‍കി. ട്രഷറാര്‍ ഷീബ കല്ലറയ്ക്കല്‍ പോയ വര്‍ഷത്തെ വരവുചെലവു കണക്കുകളും ഓഡിറ്റര്‍മാരായ ജോസഫ് കളപ്പുരയ്ക്കല്‍, ജോസ് നെടുങ്ങാട് എന്നിവര്‍ ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചകള്‍ക്കു ശേഷം റിപ്പോര്‍ട്ടും കണക്കുകളും ഐകകണ്ഠേന പാസാക്കി. സമാജത്തിന്റെ പോയവര്‍ഷത്തെ പ്രവര്‍ത്തനവും മറ്റ് ആഘോഷപരിപാടികളും ചര്‍ച്ചകളില്‍ നിറഞ്ഞു നിന്നു. നിലവിലുള്ള നിയമാവലിയുടെ കാലോചിതമായ ഭേദഗതികള്‍ അവതരിപ്പിച്ചു. ചര്‍ച്ചയെത്തുടര്‍ന്ന് ഭേദഗതികള്‍ ഐകകണ്ഠേന പാസാക്കി.

സമാജത്തിന്റെ നടപ്പുവര്‍ഷത്തെ പ്രവര്‍ത്തന പരിപാടികള്‍ പ്രസിഡന്റ് ജോസ് പുതുശേരി വിശദീകരിച്ചു. പുതുവര്‍ഷസംഗമം, റിപ്പബ്ളിക് ഡേ ആഘോഷം, 2015 കലണ്ടര്‍, കുതിര വണ്ടിയിലെ സവാരി, ചീട്ടുകളി (56 മല്‍സരം) കൊളോണ്‍ പൊക്കാല്‍, ഇന്ത്യന്‍ വീക്ക്, യൂത്ത് വിംഗ് സമ്മേളനം, തേനീച്ച വളര്‍ത്തല്‍ ക്ളാസ്, ജര്‍മന്‍ കര്‍ഷകശ്രീ അവാര്‍ഡ്, ഓണാഘോഷം (ഓഗസ്റ് 22 ന് ശനി), കാര്‍ഷിക ക്ളാസ്, കുക്കിംഗ് ക്ളാസ് എന്നിവയാണ് പരിപാടികളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. നിലവില്‍ 141 അംഗങ്ങളുള്ള സമാജത്തിനു 32 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുണ്ട്.

സമാജം തയാറാക്കിയ 2015 ലെ കലണ്ടറും അടുക്കള തോട്ടത്തിലേക്കുള്ള വിത്തുകളുടെ വിതരണവും പൊതുയോഗത്തോടനുബന്ധിച്ച് നടത്തി. ജോയി മാണിക്കത്ത്, ഔസേപ്പച്ചന്‍ കിഴക്കേത്തോട്ടം, ഡേവിഡ് അരീക്കല്‍, ജേക്കബ് കാഞ്ഞൂപറമ്പില്‍, തോമസ് അറമ്പന്‍കുടി, ജോസി ചെറിയാന്‍, ജോസഫ് കളപ്പുരയ്ക്കല്‍, ജോസുകുട്ടി കളത്തിപ്പറമ്പില്‍, അച്ചാമ്മ അറമ്പന്‍കുടി, ജോളി എം. പടയാട്ടില്‍, ജോയി കാടന്‍കാവില്‍, ജോര്‍ജ് അട്ടിപ്പേറ്റി തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ സജീവമായി.

സമാജം സെക്രട്ടറി ഡേവീസ് വടക്കുംചേരി യോഗത്തില്‍ നന്ദി പറഞ്ഞു. പോള്‍ ചിറയത്ത് (വൈസ് പ്രസിഡന്റ്), ബേബിച്ചന്‍ കലേത്തും മുറിയില്‍ (സ്പോര്‍ട്സ്് സെക്രട്ടറി), ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി), സെബാസ്റ്യന്‍ കോയിക്കര (ജോ.സെക്രട്ടറി) എന്നിവര്‍ ഭരണസമിതിയംഗങ്ങളും നിക്കോ പുതുശേരി, പ്രശോഭ് പടയാട്ടില്‍, ജെന്നി അരീക്കാട്ട് എന്നിവര്‍ യൂത്ത് വിംഗ് പ്രതിനിധികളുമാണ്. ണലയശെലേ:ംംം.സലൃമഹമമൊമഷമാസീലഹി.റല