സിജി അന്താരാഷ്ട്ര പ്രമേയാധിഷ്ഠിത സമ്മേളനം സമാപിച്ചു
Tuesday, February 10, 2015 10:13 AM IST
ജിദ്ദ: ഇന്ത്യയിലെ അധഃസ്ഥിത പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കണമെന്നാഹ്വാനത്തോടെയും അതിനായുള്ള കര്‍മരേഖ രൂപവത്കരിച്ച് ചര്‍ച്ചചെയ്തും ജിദ്ദയില്‍ രണ്ടു ദിവസം നീണ്ട 'സിജി' അന്താരാഷ്ട്ര പ്രമേയാധിഷ്ഠിതസമ്മേളനം സമാപിച്ചു.

വ്യക്തികള്‍, സാമൂഹ്യസ്ഥാപനങ്ങള്‍, സമൂഹം തുടങ്ങിയവയുടെ സമഗ്രമായ വികസനത്തിന് വേണ്ടിയുള്ള കര്‍മപദ്ധതികളാണു സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞു വന്നത്.

സാമൂഹ്യവികാസത്തിനു വ്യക്തിപരവും കുടുംബപരവുമായ വികാസം അനിവാര്യമാണെന്നും വിജ്ഞാനം, സമ്പത്ത്, ആരോഗ്യം, സമയം എന്നീ ചതുര്‍ വിഭാവങ്ങള്‍ ആസൂത്രണത്തോടെ ഉപയോഗപ്പെടുത്തുകയാണ് അതിനുള്ള മാര്‍ഗമെന്നും വിഷയം അവതരിപ്പിച്ച് പ്രസംഗിച്ച സിജി ജിദ്ദ ചാപ്റ്റര്‍ പ്രസിഡന്റ് എ.എം. അഷ്റഫ് പറഞ്ഞു. ഒരു സമൂഹത്തിന്റെ വളര്‍ച്ചയില്‍ അംഗങ്ങളുടെ എണ്ണത്തെക്കാളുപരി ഗുണമേന്മയ്ക്കാണു പ്രാധാന്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാമൂഹിക ഉന്നമനത്തിലേക്കുള്ള മുന്നറ്റത്തിന്റെ തുടക്കം വ്യക്തിയില്‍നിന്നാണ് ആരംഭിക്കേണ്ടതെന്നും വ്യക്തികളുടെ ബഹുമുഖ കഴിവുകളില്‍ ഗുണപരമായ മാറ്റമുണ്ടാക്കുകയാണ് ഇതിനുവേണ്ടി ചെയ്യേണ്ടതെന്നും സിജി ഇന്റര്‍നാഷണല്‍ സെക്രട്ടറി ഫിറോസ് പറഞ്ഞു. വ്യക്തിഗത ഉന്നമനം പ്രാപിക്കാതെ വരും കാലത്തെ അതിജീവിക്കാന്‍ കഴിയുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ഥാപനങ്ങളുടെ ഉന്നമനത്തെക്കുറിച്ച് അഷ്റഫ് പ്രസംഗിച്ചു. ഇന്റിവിജ്വല്‍ എക്സലന്‍സ്, ഇന്‍സ്റിറ്റ്യൂഷണല്‍ എക്സലന്‍സ്, കമ്യൂണിറ്റി എക്സലന്‍സ്, പേരന്റിംഗ് എക്സലന്‍സ് തുടങ്ങിയ വിഷയങ്ങള്‍ യഥാക്രമം അഫ്നാസ് ഹംസ, അബ്ദുള്‍ അസീസ് തങ്കയത്തില്‍, മൂസക്കുട്ടി വെട്ടിക്കാട്ടിരി, കെ.എം മുസ്തഫ എന്നിവര്‍ അവതരിപ്പിച്ചു. എ.പി. നിസാം, കെ.ടി. അഷ്റഫ്, അമീര്‍ തൈയില്‍, അബ്ദുള്‍ മജീദ് എന്നിവര്‍ ചര്‍ച്ചകള്‍ നിയന്ത്രിച്ചു. വിവിധ വിഷയങ്ങളില്‍ കെ.ടി. അബൂബക്കര്‍, റഷീദ് അമീര്‍, മുഹമ്മദ് താലിഷ് തുടങ്ങിയവരും പ്രസംഗിച്ചു. സിജി പ്രസിഡന്റ്് പി.എ. അബ്ദുള്‍ സലാം ആക്ഷന്‍ പ്ളാന്‍ പ്രഖ്യാപനം നടത്തി. അമീര്‍ അലി പരിപാടി അവലോകനം ചെയ്തു. കെ.എം. മുസ്തഫ സ്വാഗതം പറഞ്ഞു. ഹമദ് അബ്ദുറഹ്മാന്‍ ഉപസംഹാരവും പ്രാര്‍ഥനയും നിര്‍വഹിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍