ഫല്‍സിയാനി വെറും ഡേറ്റ മോഷ്ടാവോ റോബിന്‍ഹുഡോ?
Tuesday, February 10, 2015 10:12 AM IST
ജനീവ: മോഷണത്തില്‍ തെളിഞ്ഞത് കള്ളപ്പണക്കാരന്റെ മുഖം എങ്കില്‍ അറിഞ്ഞതു കോടികളുടെ രഹസ്യവും. അതാണ് എച്ച്എസ്ബിസി ഉദ്യോഗസ്ഥനായിരുന്ന ഹെര്‍വീ ഫല്‍സിയാനി തെളിയിച്ചത്.

സ്വിസ് ഉദ്യോഗസ്ഥര്‍ക്കു വെറുമൊരു സാധാരണ ഡേറ്റാ മോഷ്ടാവ്. എന്നാല്‍, നിരവധി നികുതി വെട്ടിപ്പുകാരുടെ വിശദാംശങ്ങളാണ് ഇദ്ദേഹം മോഷ്ടിച്ച ഡേറ്റയിലൂടെ പുറത്തുവന്നിട്ടുള്ളത്. പുതിയൊരു സ്നോഡനായി ഫല്‍സയാനിയെ ചിത്രീകരിക്കുന്നതില്‍ തെറ്റില്ല.

ഫല്‍സിയാനിയുടെ പ്രവര്‍ത്തനങ്ങളുടെ ഫലം എന്തായാല്‍ തന്നെ, അയാളെ സാധാരണ ഡേറ്റാ മോഷ്ടാവ് എന്നതില്‍ കവിഞ്ഞ് ഒരു തരത്തിലും പരിഗണിക്കാന്‍ സാധിക്കില്ലെന്ന് പബ്ളിക് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ വ്യക്തമാക്കി.

ഫ്രാന്‍സിന്റെയും ഇറ്റലിയുടെയും പൌരത്വമുള്ള ഫല്‍സിയാനി മോഷ്ടിച്ച വിവരങ്ങളുപയോഗിച്ച് ഇക്കണോമിക് ന്യൂസ് സര്‍വീസ് തന്നെയാണത്രെ നടത്തിവന്നത്. നികുതിവെട്ടിപ്പുകാര്‍ക്കെതിരായ പോരാട്ടമെന്നാണു തന്റെ പ്രവര്‍ത്തനങ്ങളെ വിവിധ അഭിമുഖങ്ങളില്‍ ഫല്‍സിയാനി വിശേഷിപ്പിച്ചിട്ടുള്ളത്.

എന്നാല്‍, ഇയാളുടെ പൂര്‍വ കാമുകി ജോര്‍ജിന മിഖായേല്‍ ഇത്തരം അവകാശവാദങ്ങളോടു യോജിക്കുന്നില്ല. ലോകം അയാളെ റോബിന്‍ഹുഡിനെ പോലെ കാണുന്നു. എന്നാല്‍, സത്യം അതല്ല. വലിയ വിലയ്ക്കു വില്‍ക്കുക എന്ന ലക്ഷ്യം മാത്രമാണ് അയാള്‍ക്കുള്ളത്. അതു സാമൂഹ്യ പ്രവര്‍ത്തനമൊന്നുമല്ലെന്നും ജോര്‍ജിന.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍