ലോകയുദ്ധത്തിന് നഷ്ടപരിഹാരം: ഗ്രീസിന്റെ ആവശ്യം ജര്‍മനി തള്ളി
Tuesday, February 10, 2015 10:11 AM IST
ബര്‍ലിന്‍: രണ്ടാം ലോകമഹായുദ്ധ കാലത്ത് വരുത്തിവച്ച നാശനഷ്ടങ്ങള്‍ക്കു ജര്‍മനി നഷ്ടപരിഹാരം നല്‍കണമെന്ന ഗ്രീസിന്റെ ആവശ്യം ജര്‍മന്‍ ഇക്കോണമി മന്ത്രിയും വൈസ് ചാന്‍സലറുമായ സിഗ്മര്‍ ഗബ്രിയേല്‍ തള്ളി.

യുദ്ധാനന്തര ധാരണയനുസരിച്ചുള്ള നഷ്ടപരിഹാരം ജര്‍മനി നല്‍കിയിട്ടില്ലെന്നും ഇപ്പോഴതു കിട്ടിയാല്‍ ഗ്രീസിന്റെ കടക്കെണി പകുതിയായി കുറയുമെന്നുമായിരുന്നു ഗ്രീക്ക് പ്രധാനമന്ത്രി അലക്സി സിപ്രാസിന്റെ വാദം.

എന്നാല്‍, എഴുപതു വര്‍ഷം പഴക്കമുള്ള ഇത്തരം തര്‍ക്കങ്ങളെല്ലാം 25 വര്‍ഷം മുമ്പു പരിഹരിച്ചതാണെന്നു ഗബ്രിയേല്‍ പറയുന്നു.

രണ്ടാം ലോകമഹായുദ്ധ കാലത്ത് നാലു വര്‍ഷത്തോളം നാസികളുടെ അധീനതയിലായിരുന്നു ഗ്രീസ്. അന്നു നിര്‍ബന്ധമായി ഗ്രീക്ക് സെന്‍ട്രല്‍ ബാങ്കില്‍നിന്നു വാങ്ങിയ വമ്പന്‍ വായ്പ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ത്തു എന്നാണു സിപ്രാസ് ആരോപിച്ചത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍