വിയന്ന മലയാളികള്‍ക്ക് ഇനി യുവജനോത്സവത്തിന്റെ നാളുകള്‍: ആദ്യപാദ മത്സരങ്ങള്‍ ഏപ്രില്‍ ആറിന്
Tuesday, February 10, 2015 8:19 AM IST
വിയന്ന: ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ (ഐസിസി) കീഴിലുള്ള കൈരളി നികേതന്‍ സ്കൂള്‍ സംഘടിപ്പിക്കുന്ന യുവജനോത്സവം ഏപ്രില്‍ ആറിന് (ഇസ്റര്‍ തിങ്കള്‍) ആരംഭിക്കും.

വിയന്നയിലെ 22-ാമത്തെ ജില്ലയിലുള്ള സ്റഡ്ലൌ പള്ളി ഹാളിലാണ് ആദ്യപാദ മത്സരങ്ങള്‍ നടക്കുന്നത്. ഉച്ചയ്ക്ക് ഒന്നിനു തുടങ്ങി രാത്രി എട്ടിനു സമാപിക്കും. ചിത്രരചനാമത്സരങ്ങള്‍ ഏപ്രില്‍ 11നു കൈരളി നികേതന്‍ സ്കൂളില്‍ (എബേന്‍ദോര്‍ഫാര്‍സ്ട്രാസെ 8) ഉച്ചകഴിഞ്ഞ് 3.45 മുതല്‍ വൈകുന്നേരം ആറു വരെയായിരിക്കും.

പ്രസംഗം, സംഗീതം, ചെറുകഥ, മോണോആക്ട്, മിമിക്രി, പ്രച്ഛന്നവേഷം തുടങ്ങിയ ഇനങ്ങളായിരിക്കും ഏപ്രില്‍ ആറിനു നടക്കുക. ജാതിമതഭേദമെന്യേ അഞ്ചു വയസിനു മുകളിലും 25 വയസിനു താഴെയും പ്രായമുള്ളവര്‍ക്ക് മത്സരിക്കാം. ഓസ്ട്രിയയില്‍ സ്ഥിരതാമസമാക്കിയ എല്ലാ മലയാളികള്‍ക്കും (മാതാപിതാക്കളില്‍ ഒരാളെങ്കിലും മലയാളി ആയിരിക്കണം) കൈരളിനികേതന്‍ സംഘടിപ്പിക്കുന്ന യുവജനോത്സവത്തില്‍ പങ്കെടുക്കാവുന്നതാണ്.

മുന്നാം പാദ മത്സരങ്ങളായ നൃത്ത ഇനങ്ങളുടെ തീയതികള്‍ ഉടന്‍ പ്രഖ്യാപിക്കും. ഐസിസി വിയന്നയുടെ അസിസ്റന്റ് ചാപ്ളെയിന്‍ ഫാ. ജോയി പ്ളാത്തോട്ടത്തില്‍ ചെയര്‍മാനായ പതിനഞ്ചംഗ കമ്മിറ്റി മത്സരങ്ങളുടെ ഒരുക്കങ്ങള്‍ നടത്തിവരുന്നതായി സ്കൂള്‍ കോ-ഓര്‍ഡിനേറ്റര്‍ ജോഷിമോന്‍ എര്‍ണാകേരില്‍ പറഞ്ഞു. വിശദ വിവരങ്ങളും അപേക്ഷ ഫോറവും ഐസിസിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.

റിപ്പോര്‍ട്ട്: ജോബി ആന്റണി