കുവൈറ്റില്‍ മൂന്നാമത് സഹായ ഉച്ചകോടി മാര്‍ച്ച് 31ന്
Tuesday, February 10, 2015 8:16 AM IST

കുവൈറ്റ്: ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് സഹായ ഉച്ചകോടി മാര്‍ച്ച് 31നു കുവൈറ്റില്‍ നടക്കും. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണു കുവൈറ്റ് ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്നത്. യുണൈറ്റഡ് നേഷന്‍സ് ഓഫിസ് ഫോര്‍ ദ കോ-ഓര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ് (ഒസിഎച്ച്എ) മുന്‍കൈയെടുത്ത് ഇന്റര്‍നാഷനല്‍ ഹ്യൂമാനിറ്റേറിയന്‍ പ്ളഡ്ജിംഗ് കോണ്‍ഫറന്‍സ് ഫോര്‍ സിറിയ എന്ന തലക്കെട്ടിലാണു സിറിയക്കുവേണ്ടി ഉച്ചകോടികള്‍ സംഘടിപ്പിക്കുന്നത്.

ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നതായി കുവൈറ്റ് വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഖാലിദ് സുലൈമാന്‍ അല്‍ജാറുള്ള അറിയിച്ചു. മുന്‍ ഉച്ചകോടികളെക്കാള്‍ വിജയകരമായി മൂന്നാം പതിപ്പ് സംഘടിപ്പിക്കാനാണു കുവൈറ്റിന്റെ ശ്രമമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ യുഎന്നിന്റെ ഉന്നതതല പ്രതിനിധിസംഘം അടുത്തുതന്നെ കുവൈറ്റ് സന്ദര്‍ശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിറിയയെ സഹായിക്കുന്നതിനുള്ള ആദ്യ രണ്ട് ഉച്ചകോടികള്‍ക്ക് 2013 ജനുവരി 30നും 2014 ജനുവരി 15നും കുവൈറ്റുതന്നെയാണ് ആതിഥ്യം വഹിച്ചിരുന്നത്. മൂന്നാമത് ഉച്ചകോടിക്കും ആതിഥ്യംവഹിക്കണമെന്ന് കഴിഞ്ഞവര്‍ഷം ഒക്േടാബറില്‍ ഐക്യരാഷ്ട്രസഭ അഭ്യര്‍ഥിച്ചിരുന്നുവെങ്കിലും മിക്ക രാജ്യങ്ങളും മുന്‍ ഉച്ചകോടികളിലെ വാഗ്ദാന സംഖ്യ യുഎന്നിന് കൈമാറാത്ത സാഹചര്യത്തില്‍ മൂന്നാമതൊരു ഉച്ചകോടിക്ക് അരങ്ങൊരുക്കാന്‍ താത്പര്യമില്ലെന്ന നിലപാടായിരുന്നു കുവൈറ്റ് സ്വീകരിച്ചിരുന്നത്. എന്നാല്‍, ലോകരാഷ്ട്രങ്ങളുടെയും യുഎന്നിന്റെയും അറബ് ലീഗിന്റെയുമൊക്കെ നിരന്തര അഭ്യര്‍ഥന മാനിച്ച് കുവൈറ്റ് ഒടുവില്‍ സമ്മതിക്കുകയായിരുന്നു. തുടര്‍ച്ചയായ മൂന്നാം തവണയും സിറിയക്കുവേണ്ടിയുള്ള യുഎന്‍ ഉച്ചകോടിക്ക് ആതിഥ്യം വഹിക്കാനുള്ള കുവൈറ്റിന്റെ സന്നദ്ധതയെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അഭിനന്ദിച്ചു. അമീര്‍ ഷേഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസബാഹിനെ ടെലഫോണില്‍ വിളിച്ചാണു മൂണ്‍ അഭിനന്ദനമറിയിച്ചത്. മാനുഷിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അമീര്‍ നല്‍കുന്ന പ്രാധാന്യമാണ് ഇത് കാണിക്കുന്നതെന്നും സിറിയക്കാരെ സഹായിക്കുന്നതിന് അദ്ദേഹം കാണിക്കുന്ന പ്രത്യേക താത്പര്യത്തിന് ഏറെ നന്ദിയുണ്െടന്നും ബാന്‍ കി മൂണ്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍