മാഗ്ന കാര്‍ട്ടയുടെ ഒറിജിനല്‍ പതിപ്പ് കണ്ടെത്തി
Monday, February 9, 2015 10:14 AM IST
ബര്‍ലിന്‍: 1215ല്‍ ജോണ്‍ രാജാവ് സീല്‍ ചെയ്ത മാഗ്ന കാര്‍ട്ടയുടെ ഒരു യഥാര്‍ഥ പകര്‍പ്പ് സാന്‍ഡ്വിച്ച് പട്ടണത്തിലെ വിക്റ്റോറിയന്‍ കാലഘട്ടത്തില്‍നിന്നുള്ള ഒരു സ്ക്രാപ്പ്ബുക്കില്‍നിന്നു കണ്്ടെത്തി.

റണിമേഡില്‍ മാഗ്ന കാര്‍ട്ട ഒപ്പുവച്ചതിന്റെ എണ്ണൂറാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് ഈ കണ്ടെത്തല്‍. ഇതിന്റെ മൂന്നിലൊന്ന് ഭാഗവും നശിച്ചു പോയെങ്കിലും ശേഷിക്കുന്ന ഭാഗത്തിന് പത്തു മില്യന്‍ പൌണ്ട് മൂല്യം കണക്കാക്കുന്നു.

ജോണ്‍ രാജാവ് മാഗ്ന കാര്‍ട്ട ഒപ്പുവയ്ക്കുന്ന ചിത്രങ്ങളാണ് പ്രചരിച്ചിട്ടുള്ളതെങ്കിലും അത് യഥാര്‍ഥത്തില്‍ സീല്‍ ചെയ്യുകയായിരുന്നു എന്നാണ് ചരിത്രരേഖകളില്‍ കാണുന്നത്. അമ്പതോളം കത്തീഡ്രല്‍ ടൌണുകളിലും തുറമുഖങ്ങളിലുമാണ് ഇതിന്റെ പ്രതികള്‍ അന്ന് വിതരണം ചെയ്തത്.

യുഎസ് ഭരണഘടനയും ആഗോള മനുഷ്യാവകാശ പ്രഖ്യാപനവും അടക്കമുള്ളവയ്ക്ക് പ്രചോദനമായ മാഗ്ന കാര്‍ട്ടയിലെ മൂന്നു നിര്‍ദേശങ്ങള്‍ ബ്രിട്ടനില്‍ ഇന്നും പ്രാബല്യത്തിലാണ്. ചര്‍ച്ചിന്റെ അധികാരങ്ങള്‍, നഗരങ്ങളുടെ അവകാശങ്ങള്‍, വിചാരണ കൂടാതെ തടവിലാക്കുന്നതിനെതിരായ നിര്‍ദേശം എന്നിവയാണവ.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍