സ്വവര്‍ഗ വിവാഹ നിരോധനം ശക്തമാക്കാനുള്ള സ്ളോവാക്യന്‍ ഹിതപരിശോധന പരാജയപ്പെട്ടു
Monday, February 9, 2015 10:14 AM IST
ബ്രാറ്റിസ്ലോവ: സ്വവര്‍ഗ വിവാഹം നിരോധിക്കുന്ന നിയമം കൂടുതല്‍ ശക്തമാക്കാന്‍ ഉദ്ദേശിച്ച് സ്ളോവാക്യയില്‍ നടത്തിയ ഹിത പരിശോധന പരാജയം. ഇതിനൊപ്പം, സ്വവര്‍ഗപ്രേമികള്‍ക്ക് കുട്ടികളെ ദത്തെടുക്കാനുള്ള അവകാശം നിഷേധിക്കാനുള്ള നിര്‍ദേശവും അവഗണിക്കപ്പെട്ടു.

വോട്ട് ചെയ്യാന്‍ അവകാശമുള്ളവരില്‍ 21.4 ശതമാനം പേര്‍ മാത്രമാണ് അഭിപ്രായം രേഖപ്പെടുത്തിയത്. അമ്പത് ശതമാനം പേര്‍ വോട്ട് ചെയ്താല്‍ മാത്രമേ ഹിതപരിശോധനക്ക് സാധുതയുള്ളൂ.

5.4 മില്യന്‍ വരുന്ന സ്ളോവാക്യന്‍ ജനതയില്‍ ബഹുഭൂരിപക്ഷം കത്തോലിക്കാ സഭാംഗങ്ങളാണ്. അതിനാല്‍ തന്നെ ഹിതപരിശോധന വിജയിക്കുമെന്നാണ് പൊതുവേ കരുതപ്പെട്ടിരുന്നത്. വോട്ട് ചെയ്യാന്‍ ആളില്ലാതെയാണെങ്കിലും ഹിതപരിശോധന പരാജയപ്പെട്ടതിനെ പരിഷ്കരണവാദികളും സ്വവര്‍ഗപ്രേമികളുടെ അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളും സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍