അന്താരാഷ്ട്ര എയര്‍പോര്‍ട്ട് ഹബില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയ നടപടി പുനപരിശോധിക്കണം: പിഎംഎഫ്
Monday, February 9, 2015 8:11 AM IST
വിയന്ന: അന്താരാഷ്ട്ര എയര്‍പോര്‍ട്ട് ഹബില്‍ നിന്ന് കേരളത്തെ പുറത്താക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ പുനഃപരിശോധിക്കണമെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ ആവശ്യപ്പെട്ടു. കൂടാതെ കേരളത്തിലെ എയര്‍പോര്‍ട്ടുകള്‍ക്ക് പരിഗണന ലഭിക്കാതിരുന്നതിന്റെ കാരണം സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണെന്നും സംഘടന വിലയിരുത്തി.

കേരളത്തിലെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ വിദേശയാത്രക്കാരുടെ എണ്ണത്തേക്കാള്‍ വളരെ കുറവുള്ള മറ്റ് സംസ്ഥാനങ്ങളിലെ മൂന്ന് വിമാനത്താവളങ്ങള്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ കരട് പട്ടികയില്‍ ഉള്‍പ്പെടുത്തിയ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നടപടി അപലപനീയമാണെന്നും ഈ നടപടികള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിനും പരാതികള്‍ അയയ്ക്കുമെന്നും സംഘടന പറഞ്ഞു.

ഫെബ്രുവരി ഏഴിന് രാത്രി ഒമ്പതിന് കൂടിയ സംഘടനയുടെ അന്താരാഷ്ട്ര ടെലിഫോണ്‍ കോണ്‍ഫറന്‍സിലാണ് തീരുമാനം എടുത്തത്. ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്ളോബല്‍ കമ്മിറ്റി നേതാക്കളും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.

പ്രവാസി മലയാളികളുടെ യാത്രാക്ളേശങ്ങള്‍ പരിഹരിക്കാന്‍ സഹായകമാകാമായിരുന്ന ഈ ഹബില്‍ നിന്ന് കേരളത്തെ അവഗണിച്ചതിന്റെ കാരണം പ്രവാസി മലയാളികള്‍ക്ക് അറിയേണ്ടതുണ്െടന്നും സംഘടന ആവശ്യപ്പെട്ടു.

പ്രവാസി മലയാളികള്‍ക്ക് മാത്രമല്ല, സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്തത മൂലം വിമാനത്താവള വികസനത്തിനായി കേരളത്തിലേക്ക് ലഭിക്കേണ്ടിയിരുന്ന കോടിക്കണക്കിനു രൂപയുടെ ഫണ്ടാണ് ഇതോടെ നഷ്ടമായിരിക്കുന്നത്. ഇതുമൂലം കേരളത്തിനു ലഭിക്കേണ്ടിയിരുന്ന കൂടുതല്‍ തൊഴിലവസരങ്ങളാണ് നഷ്ടമായിരിക്കുന്നത്. കൂടാതെ ഭാവിയില്‍ വിമാനനിരക്കു വര്‍ധനവിനും വിദേശത്തുനിന്ന് നേരിട്ടുള്ള വിമാനസര്‍വീസുകള്‍ കുറയാനും ഇത് കാരണമാകാം.

ഈ കരട് റിപ്പോര്‍ട്ട് യാഥാര്‍ഥ്യമാക്കുന്നതോടെ കേരളത്തില്‍നിന്ന് വിദേശത്തേക്ക് നേരിട്ടുള്ള വിമാനയാത്ര തന്നെ ഇല്ലാതാകും. തുടര്‍ന്ന് മലയാളികള്‍ക്ക് വിദേശത്തേക്ക് പോകണമെങ്കില്‍ ആഭ്യന്തര വിമാനങ്ങളില്‍ കയറി ഡല്‍ഹി, മുംബൈ, ചെന്നൈ, കോല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളില്‍ എത്തിയിട്ടുവേണം പോകാനെന്നതാണ് ഈ റിപ്പോര്‍ട്ടിന്റെ ഏറ്റവും ഭീകരമായ അവസ്ഥ.

അന്താരാഷ്ട്ര ഹബ് വരുന്നതോടെ മറ്റ് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ നോക്കുകുത്തിയാകുമെന്ന് കേന്ദ വ്യോമയാന മന്ത്രാലയത്തിന്റെ കരട് റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്. ദേശീയ അടിസ്ഥാനത്തില്‍ നാലാം സ്ഥാനമുള്ള കൊച്ചിയെ വരെ തഴഞ്ഞതിന്റെ പിന്നില്‍ ഉത്തരേന്ത്യന്‍ ബിസിനസ് ലോബിയുടെ ശക്തമായ പ്രവര്‍ത്തനമാണെന്ന് പ്രവാസി മലയാളി ഗ്ളോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട് പറഞ്ഞു.

ഡല്‍ഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിദേശയാത്രക്കാരുള്ള സംസ്ഥാനമായ കേരളത്തെ അവഗണിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി അംഗീകരിക്കാന്‍ പറ്റില്ലെന്നും ഇതിനായി കേരളം കേന്ദ്രസര്‍ക്കാരില്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തണമെന്നും പിഎംഎഫ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ മാത്യു മൂലേച്ചേരില്‍ പറഞ്ഞു.

ഗള്‍ഫ്നാടുകളിലും മറ്റും ഉപജീവനത്തിനായി പോകുന്നവര്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് മലയാളികള്‍ക്ക് ഇതോടെ വിദേശയാത്ര നടത്തണമെങ്കിലും തിരിച്ചുവരണമെങ്കിലും സംസ്ഥാനത്തിന് പുറത്തുള്ള ആറ് വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് ഈ കരട് പ്രാവര്‍ത്തികമായാല്‍ സംജാതമാകുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മുംബൈവഴി യാത്ര നടത്തി നരകയാതന അനുഭവിച്ച മലയാളികളുടെ ദുരനുഭവങ്ങളുടെ ആവര്‍ത്തനമാകും ഭാവിയില്‍ ഉണ്ടാകുകയെന്ന് സംഘടനയുടെ ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ പറഞ്ഞു.