പ്രവാസി മണ്ണില്‍ മലയാളത്തിന്റെ മധുരം വിതറി മലര്‍വാടിയുടെ 'പ്രകടനം'
Monday, February 9, 2015 8:10 AM IST
റിയാദ്: മലയാള നാടിന്റെ മധുരം വിതറി മലര്‍വാടി സംഘടിപ്പിച്ച പ്രകടനം സംഘാടക മികവുകൊണ്ടും ജനപങ്കാളിത്വം കൊണ്ടും ശ്രദ്ധേയമായി.

'എന്റെ നാട്, എന്റെ സ്വന്തം നാട്' എന്ന തലക്കെട്ടില്‍ മൂന്ന് തലങ്ങളിലായി സംഘടിപ്പിച്ച പരിപാടിയുടെ സമാപനമായാണ് 'പ്രകടനം' എന്ന പേരില്‍ എക്സിബിഷനും ലൈവ് ക്വിസ് പ്രോഗ്രാമും ഒരുക്കിയത്. റിയാദിലെ ആയിരത്തില്‍പ്പരം വിദ്യാര്‍ഥികളില്‍നിന്ന് രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ മിടുക്ക് തെളിയിച്ച 18 വിദ്യാര്‍ഥികളാണ് അവസാന ഘട്ട ലൈവ് ക്വിസില്‍ മാറ്റുരച്ചത്. ആറ് സ്കൂളുകളില്‍നിന്നായി ജൂണിയര്‍, സീനിയര്‍ വിഭാഗത്തില്‍ 11 പെണ്‍കുട്ടികളും ഏഴ് ആണ്‍കുട്ടികളും നേരിട്ട് മല്‍സരിച്ചപ്പോള്‍ 28 കുട്ടികള്‍ ഹോട്ട് സീറ്റിലുമുണ്ടായിരുന്നു. കേരളത്തെ ആസ്പദമാക്കി മലയാള ഭാഷക്ക് പ്രാധാന്യം നല്‍കിക്കൊണ്ടായിരുന്നു ചോദ്യങ്ങള്‍. ഒന്നാം ഘട്ട മല്‍സരമായ പ്രയാണത്തില്‍ കുട്ടികള്‍ തയാറാക്കിയ പ്രോജക്ടുകളുടെ വിപുലമായ എക്സിബിഷനും സമാന്തരമായി ഒരുക്കിയിരുന്നു.

ജൂണിയര്‍ വിഭാഗത്തില്‍ യാര ഇന്റര്‍നാഷണല്‍ സ്കൂളിലെ എ.എസ് നവാല്‍ നബീസു, അല്‍ഖര്‍ജ് മിഡിലീസ്റ് ഇന്റര്‍നാഷണല്‍ സ്കൂളിലെ നഷ്വ നൌഷാദ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംവൃത വിജിത്രന്‍ (അല്‍ ഹുദ), റിഫ സമദ് (അല്‍ അലിയ) രണ്ടാംസ്ഥാനവും ഫഹദ് ഷഹീര്‍ മുഹമ്മദും അദീബ് ഖാലിദ് ടീം (ഐഐഎസ്ആര്‍) മൂന്നാം സ്ഥാനവും നേടി. സീനിയര്‍ വിഭാഗത്തില്‍ ഫാത്തിമ മിസ്ബയും ജോയില്‍ ജോര്‍ജ് സാമും ചേര്‍ന്നുള്ള ടീം ഒന്നാം സ്ഥാനം സ്വന്തമാക്കി. റജുവ റഷീദ്, ബാസില ടീം രണ്ടും, പൂജ ബിജു ദിന താജ് ടീം മൂന്നാം സ്ഥാനവും സ്വന്തമാക്കി. ഹാരൂണ്‍ പി.എം, മുഹമ്മദ് യാസിം ഫയാദ്, മഹ്റിന്‍ മന്സൂര്‍, നജുവ റഷീദ്, സല്‍മാനുല്‍ ഫാരിസ്, ലബീബ്.കെ എന്നിവരുടെ ടീമുകള്‍ കടുത്ത പോരാട്ടത്തിനൊടുവിലാണ് ആദ്യ മൂന്ന് സഥാനങ്ങളില്‍നിന്ന് പിന്തള്ളപ്പെട്ടത്.

മലര്‍വാടി സീനിയര്‍ കോ-ഓര്‍ഡിനേറ്റര്‍ റഷീദ് അലി ജൂണിയര്‍ വിഭാഗത്തിന്റെയും മാധ്യമ പ്രവര്‍ത്തകന്‍ സാജിദ് ആറാട്ടുപുഴ സീനിയര്‍ വിഭാഗത്തിന്റെയും ക്വിസിന് നേതൃത്വം നല്‍കി. സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടന ചടങ്ങില്‍ അല്‍മദീന ഹൈപ്പര്‍മാര്‍ക്കറ്റ് എംഡി. നാസര്‍ അബൂബക്കര്‍, കിംഗ് സൌദ് യൂണിവേഴ്സിറ്റി പ്രഫസര്‍ സഖറിയ, സിറ്റി ഫ്ളവര്‍ സിഇഒ ഫസല്‍ റഹ്മാന്‍, ടീന്‍സ് ഇന്ത്യ കേരള കോ ഓര്‍ഡിനേറ്റര്‍ അബാസ് കൂട്ടില്‍, അല്‍ ഖര്‍ജ് മിഡില്‍ ഈസ്റ് ഇന്റര്‍നാഷണല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുസലാം, മലര്‍വാടി മുന്‍ രക്ഷാധികാരി ഉമ്മര്‍ മാസ്റര്‍, തനിമ സോണല്‍ സെക്രട്ടറി താജുദ്ദീന്‍, മലര്‍വാടി ചീഫ് കോഓര്‍ഡിനേറ്റര്‍ അഷ്റഫ് കൊടിഞ്ഞി, യൂത്ത് ഇന്ത്യ പ്രസിഡന്റ് സദ്റുദ്ദീന്‍, തനിമ വനിതാ വിഭാഗം പ്രതിനിധികളായ സല്‍മ അസ്ലം, നസീറ റഫീഖ്, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ബഷീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍