പ്രൊബേഷന്‍ കാലയളവില്‍ താല്‍ക്കാലിക വര്‍ക്ക് പെര്‍മിറ്റ് നല്‍കാന്‍ തീരുമാനം
Monday, February 9, 2015 6:33 AM IST
കുവൈറ്റ്: ആദ്യ സ്പോണ്‍സറുടെ കീഴില്‍ ഒരു വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് മറ്റ് സ്പോണ്‍സറുടെ കീഴില്‍ ജോലി ചെയ്യാനായി ഇഖാമ മാറ്റം ചെയുന്ന കാലയളവിലേക്ക് താല്‍ക്കാലിക വര്‍ക്ക് പെര്‍മിറ്റ് നല്‍കാന്‍ തീരുമാനിച്ചതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. 100 ദിവസത്തെക്കായിരിക്കും താല്‍ക്കാലിക പെര്‍മിറ്റ് ലഭിക്കുക. ആദ്യസ്ഥാപനത്തില്‍ നിന്നു മാറുകയും രണ്ടാമത്തെ സ്ഥാപനത്തില്‍ ഇഖാമ (തൊഴിലനുമതി) പതിക്കാതിരിക്കുകയും ചെയ്യുന്ന ഈ കാലയളവില്‍ രേഖകളൊന്നും കൈവശമുണ്ടാകില്ല. ആയതിനാല്‍ അധികൃതരുടെ പരിശോധനാവേളയിലും മറ്റും ഇതു മൂലം അനുഭവപ്പെടുന്ന പ്രയാസങ്ങള്‍ കണക്കിലെടുത്താണ് താല്‍ക്കാലിക വര്‍ക്ക് പെര്‍മിറ്റ് നല്‍കാന്‍ തീരുമാനിച്ചത്.

പുതുക്കിയ പാസ്പോര്‍ട്ടില്‍ ഇഖാമ രേഖകള്‍ പതിക്കാത്തവര്‍ക്കെതിരെ നടപടി ശക്തമാക്കിയത്തിനെ തുടര്‍ന്ന് രാജ്യത്തു അനധികൃതമായി താമസിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതായി കണ്െടത്തിയതായി ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ജമാല്‍ അല്‍ സാഇഗ് പറഞ്ഞു. രാജ്യത്തെ കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷം വരെ 91,000 അനധികൃത താമസക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള്‍ അതു 1,07,396 ആയി വര്‍ദ്ധിച്ചു. 600 ദിനാര്‍ വരെ പിഴയടക്കേണ്ടതിനാലാണ് പലരും പാസ്പോര്‍ട്ടില്‍ രേഖകള്‍ ചേര്‍ക്കാന്‍ മടിക്കുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍