ഒരുക്കങ്ങള്‍ പൂര്‍ണം: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ വലിയ പൊങ്കാല അടുത്ത ഞായറാഴ്ച
Saturday, February 7, 2015 9:32 AM IST
ന്യൂഡല്‍ഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പതിനാറാമതു പൊങ്കാല മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നിര്‍മാല്യ ദര്‍ശനത്തിനു ശേഷം മഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ക്ക് ആരംഭമാവും. രാവിലെ 8.30 നു ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍നിന്നും പണ്ടാര അടുപ്പിലേക്ക് അഗ്നി പകരും. തന്ത്രിയോടൊപ്പം കേരളത്തില്‍നിന്ന് എത്തിച്ചേരുന്ന ശശിധരന്‍ നമ്പൂതിരി, ക്ഷേത്ര മേല്‍ശാന്തി എന്നിവര്‍ പരികര്‍മ്മികളാവും.

ഡല്‍ഹിയുടെ വിവിധ ഭാഗങ്ങള്‍, സമീപ നഗരങ്ങളായ നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗുഡ്ഗാവ്, ഫരീദാബാദ്, ഗാസിയാബാദ്, ഇന്ദിരാപുരം, ഷാലിമാര്‍ ഗാര്‍ഡന്‍ എന്നിവിടങ്ങളില്‍ പൊങ്കാലകളും മറ്റു പൂജകളും ബുക്ക് ചെയ്യുവാനും പൊങ്കാല ദിവസം അതതു സ്ഥലങ്ങളില്‍നിന്നു ക്ഷേത്രത്തിലേക്കു യാത്രാ സൌകര്യവും അവിടങ്ങളിലെ ഏരിയ സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. അന്നേദിവസം പുലര്‍ച്ചെ നാലു മുതല്‍ ക്ഷേത്രാങ്കണത്തിലെ കൌണ്ടറുകളില്‍ നിന്നും പൊങ്കാല കൂപ്പണുകളും മറ്റു വഴിപാടു രസീതുകളും ഭക്തജനങ്ങള്‍ക്ക് കൈപ്പറ്റുന്നതിനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്. പൊങ്കാല സമര്‍പ്പണത്തിനുള്ള സാധനസാമഗ്രികള്‍ ക്ഷേത്രത്തിലെ കൌണ്ടറില്‍നിന്നു ലഭിക്കും. പൊങ്കാലയിടുന്ന സ്ത്രീജനങ്ങള്‍ക്കായി അന്നദാനത്തിനു പ്രത്യേക നിരകളും ഒരുക്കും. സ്ത്രീകള്‍ക്കായി പ്രാഥമികാവശ്യ നിര്‍വഹണത്തിനുവേണ്ട പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.

മാസം തോറും കാര്‍ത്തിക നക്ഷത്രത്തില്‍ പൊങ്കാല നടക്കുന്നതുകൊണ്ടാണ് എല്ലാ വര്‍ഷവും കുംഭമാസത്തിലെ ആദ്യത്തെ ഞായറാഴ്ച നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ വലിയ പൊങ്കാല മഹോത്സവമായി ആഘോഷിക്കപ്പെടുന്നത്. മഹോത്സവത്തോടനുബന്ധിച്ചു പ്രഭാതപൂജകള്‍ക്കു പുറമേ വിശേഷാല്‍ പൂജകളും ഉണ്ടാവും. 8.30നു പണ്ടാര അടുപ്പിലേക്കു ദിവ്യാഗ്നി പകരല്‍, തുടര്‍ന്ന് ഭക്തജനങ്ങള്‍ തങ്ങളുടെ പൊങ്കാല അടുപ്പുകളില്‍ പണ്ടാര അടുപ്പില്‍നിന്നു കൊളുത്തുന്ന തീനാളം ജ്വലിപ്പിക്കും. തുടര്‍ന്ന് തിളച്ചു തൂവിയ പൊങ്കാലക്കലങ്ങളില്‍ തിരുമേനിമാര്‍ തീര്‍ഥം തളിക്കും. ഉച്ചപൂജ, ഉച്ച ദീപാരാധന എന്നിവയാണു മറ്റു പ്രധാന പൂജകള്‍.

രാവിലെ 9.30 മുതല്‍ ക്ഷേത്രാങ്കണത്തില്‍ ഭജനയുണ്ടാവും. സാമൂഹിക സാംസ്കാരികരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് അന്നദാനത്തോടുകൂടി മഹോത്സവം സമാപിക്കുമെന്നു ഭാരവാഹികള്‍ പറഞ്ഞു.

വിശദ വിവരങ്ങള്‍ക്ക്: 9811219540, 9650421311.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി