മാര്‍പാപ്പ യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യും
Saturday, February 7, 2015 6:13 AM IST
വത്തിക്കാന്‍സിറ്റി: ചരിത്രത്തിലാദ്യമായി കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യാന്‍ പോകുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍ 24നാണു ചരിത്ര മുഹൂര്‍ത്തത്തിനു സമയംകുറിച്ചിരിക്കുന്നത്.

ക്യൂബയെ സംബന്ധിച്ചും കുടിയേറ്റം സംബന്ധിച്ചും യുഎസ് സ്വീകരിക്കുന്ന പുതിയ നയങ്ങളും അദ്ദേഹത്തിന്റെ പ്രസംഗവിഷയങ്ങളില്‍ ഉള്‍പ്പെടുമെന്നാണു സൂചന. യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെയാണു മാര്‍പാപ്പ അഭിസംബോധന ചെയ്യാന്‍ പോകുന്നത്.
ഇതു സംബന്ധിച്ചു വത്തിക്കാനില്‍നിന്ന് അന്തിമ അനുമതി ലഭിച്ചു കഴിഞ്ഞതായി യുഎസ് സ്പീക്കര്‍ ഓഫ് ദ ഹൌസ് ജോണ്‍ ബോനര്‍ സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്തും മാര്‍പാപ്പ സന്ദര്‍ശനം നടത്തുമെന്നാണു കരുതുന്നത്. സെപ്റ്റംബര്‍ 22നാണു യുഎന്‍ പൊതുസഭ സമ്മേളിച്ചു തുടങ്ങുന്നത്. ഈ സമയത്ത് അവിടം സന്ദര്‍ശിച്ചാല്‍ പൊതുസഭയെയും മാര്‍പാപ്പ അഭിസംബോധന ചെയ്യും.

ഫിലാഡെല്‍ഫിയ മുതല്‍ ന്യൂയോര്‍ക്ക് വരെ നീളുന്ന സന്ദര്‍ശന പരിപാടിയാണു യുഎസില്‍ മാര്‍പാപ്പയ്ക്കായി തയാറാക്കിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍