ഫാ. തോമസ് കുമ്പുക്കല്‍ ക്നാനായ കാത്തലിക് യൂത്ത് ലീഗ് കോ-ഓര്‍ഡിനേറ്റര്‍
Friday, February 6, 2015 7:32 AM IST
മെല്‍ബണ്‍: ക്നാനായ കാത്തലിക് യൂത്ത് ലീഗ് ഓഷ്യാനയുടെ പുതിയ കോ-ഓര്‍ഡിനേറ്ററായി ഫാ. തോമസ് കുമ്പുക്കലിനെ കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യൂ മൂലക്കാട്ട് നിയമിച്ചു. മെല്‍ബണ്‍ സെന്റ് മേരീസ് ക്നാനായ മിഷന്‍ ചാപ്ളെയിന്‍ ഫാ. സ്റീഫന്‍ കണ്ടാരപ്പള്ളി, ആര്‍ച്ച് ബിഷപ്പിന്റെ പുതിയ നിയമന ഉത്തരവ് ഇടവാംഗങ്ങളെ അറിയിച്ചു.

ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ക്നാനായ യൂത്ത് ഏകോപിപ്പിക്കാനും ആധ്യാത്മിക വളര്‍ച്ചയില്‍ ഊന്നല്‍കൊടുക്കുവാനുമാണ് ഫാ. തോമസ് കുമ്പുക്കലിനെ മാര്‍ മൂലക്കാട്ട് നിയമിച്ചിരിക്കുന്നത്. നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന പാരമ്പര്യം കാത്തുസൂക്ഷിക്കാനും യുവജനങ്ങള്‍ക്ക് ആധ്യാത്മികമായി ഉണരുന്നതിനും വേണ്ടിയാണ് ഫാ. തോമസ് കുമ്പുക്കലിനെ ഈ ദൌത്യം കോട്ടയം അതിരൂപത ഏല്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി മെല്‍ബണ്‍ അതിരൂപതയിലെ ലാപര്‍ട്ടണ്‍ ക്യൂന്‍സ് ഓഫ് പീസ് പള്ളിയിലെ അസിസ്റന്റ് വികാരിയായി ജോലി നോക്കിവരികയാണു ഫാ. തോമസ് കുമ്പുക്കല്‍.

യുവജനങ്ങളുടെ മനഃശാസ്ത്രം മനസിലാക്കി പ്രവര്‍ത്തിക്കാനുളള കഴിവ് ഇതിനോടകം അതിരൂപതയില്‍ ബോധ്യപ്പെട്ടതിനാലാണു ഫാ. തോമസ് കുമ്പക്കലിനെ ഓഷ്യാന ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ കോഓര്‍ഡിനേറ്റര്‍ ആയി നിയമിച്ചത്. കോട്ടയം അതിരൂപതയിലെ രാജപുരം ഫൊറോനായില്‍പ്പെട്ട അയറോഡ് ഇടവക കുമ്പുക്കല്‍ കുരുവിള- ഏലിക്കുട്ടി ദമ്പതികളുടെ മകനാണു ഫാ. തോമസ്. ക്നാനായ കാത്തലിക് യൂത്ത് ലീഗ് ഓഷ്യാനായുടെ കോ-ഓര്‍ഡിനേറ്ററായി നിയമിതനായ ഫാ. തോമസ് കുമ്പുക്കലിനെ മെല്‍ബണ്‍ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് മിഷന്‍ ചാപ്ളെയിന്‍ ഫാ. സ്റീഫന്‍ കണ്ടാരപ്പളളി, ട്രസ്റിമാരായ സോളമന്‍ ജോര്‍ജ്, സ്റീഫന്‍ ഓക്കാട്ട്, സെക്രട്ടറി സിജു അലക്സ്, പിആര്‍ഒ റെജി പാറയ്ക്കന്‍, പാസ്ററല്‍ കൌണ്‍സില്‍ അംഗം ബ്ര. ജിജിമോന്‍ കുഴിവേലി, പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍, ക്നാനായ കമ്യൂണിറ്റി ഓഫ് വിക്ടോറിയ എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.