വിയന്നയില്‍ പെഗിഡയുടെ മാര്‍ച്ചില്‍ നേരിയ തോതില്‍ അക്രമം 13 പേര്‍ അറസ്റില്‍
Thursday, February 5, 2015 9:28 AM IST
വിയന്ന: കുടിയേറ്റ വിരുദ്ധ ഇസ്ലാം വിരുദ്ധ പെഗിഡയുടെ ഓസ്ട്രിയയിലെ ആദ്യ പ്രകടനം പോലീസുമായുള്ള വാക്കേറ്റത്തിലും ചെറിയ തോതിലുള്ള അക്രമത്തിലും കലാശിച്ചു.

തിങ്കളാഴ്ച വൈകിട്ട് 6.30 നാണ് പെഗിഡ അനുഭാവികളുടെ ആദ്യ പ്രകടനം വിയന്ന ഫ്രേയുംഗില്‍ ആരംഭിച്ചത്. പ്രകടനത്തെ നേരിടുന്നതിനായി വലിയ പോലീസ് സന്നാഹമാണ് വിയന്ന ഭരണകുടം ഒരുക്കിയിരുന്നത്. 1200 പോലീസുകാരും ദ്രുതകര്‍മ്മ സേനയും അടങ്ങുന്ന പോലീസ് സേന ഏത് സാഹചര്യവും നേരിടുവാന്‍ തയാറായി നിന്നു.

പെഗിഡയുടെ അനുഭാവികള്‍ നാസി മുദ്രവാക്യങ്ങളും അടയാളങ്ങളും ഉയര്‍ത്തിയാണ് പ്രകടനം നടത്തിയത്. ഓസ്ട്രിയന്‍ പെഗിഡ നേതാവ് ഇമ്മാനുവല്‍ നാഗല്‍ പ്രകടനത്തെ അഭിസംബോധന ചെയ്തു പ്രസംഗിച്ചു. തന്റെ പ്രസംഗത്തില്‍ ഇതൊരു തുടക്കം മാത്രമാണെന്നും വീണ്ടും വരുന്ന ആഴ്ച്ച കുടിയേറ്റ വിരുദ്ധ പ്രകടനത്തിനായി ഒത്തു ചേരുമെന്നും പ്രഖ്യാപിച്ചു. പെഗിഡയുടെ സമരത്തിനെതിരെ പെഗിഡ വിരുദ്ധരുടെ ഒരു വന്‍ പ്രകടനമാണ് അരങ്ങേറിയത്.

ആയിരത്തോളം പേരടങ്ങുന്ന പെഗിഡ വിരുദ്ധരും റോഡിന്റെ എതിര്‍ ഭാഗത്ത് നിലയുറപ്പിച്ചതോടു കൂടി രംഗം പ്രക്ഷുബ്ധമായി. പരസ്പരം മുദ്രാവാക്യം വിളിച്ചും പ്രകോപന മുണ്ടാക്കിയും അണി നിരന്ന ഇരു കൂട്ടര്‍ക്കുമിടയില്‍ പോലീസ് മതില്‍ തീര്‍ക്കുകയും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുകയും ചെയ്തു.

ഇതിനിടെ പെഗിഡ അനുഭാവികള്‍ കപ്പെടുത്തെറിഞ്ഞെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല, ഓരോരുത്തരേയും പോലീസ് തിരിച്ചറിയുമെന്നും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പു നല്‍കുന്നുണ്ടായിരുന്നു. അക്രമത്തില്‍ ഏതാനും പോലീസുകാര്‍ക്കു പരിക്കേല്‍ക്കുകയും ചില്ലറ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ 13 പേരെ അറസ്റ്റുചെയ്തു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍