ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ബ്ളാര്‍ക്കെതിരേ വെല്ലുവിളിയുയര്‍ത്തി മൂന്ന് സ്ഥാനാര്‍ഥികള്‍
Tuesday, February 3, 2015 10:03 AM IST
സൂറിച്ച്: അഞ്ചാം വട്ടവും ഫിഫാ പ്രസിഡന്റാകാന്‍ കച്ച മുറുക്കിയിരിക്കുന്ന സെപ് ബ്ളാറ്റര്‍ക്ക് വെല്ലുവിളി ഉയര്‍ത്താമെന്ന പ്രതീക്ഷയില്‍ മൂന്നു സ്ഥാനാര്‍ഥികള്‍.

ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് അലി ബിന്‍ ഹുസൈന്‍ രാജകുമാരന്‍, പോര്‍ച്ചുഗലിന്റെ മുന്‍ ഫുട്ബോള്‍ താരം ലൂയി ഫിഗോ, ഡച്ച് ഫുട്ബോള്‍ അസോസിയേഷന്‍ മേധാവി മിഷേല്‍ വാന്‍ പ്രാഗ് എന്നിവരാണു ബ്ളാറ്ററെ നേരിടുന്നത്.

ഫ്രാന്‍സിന്റെ മുന്‍ ഫുട്ബോളര്‍ ഡേവിഡ് ജിനോള, ഫിഫ എക്സിക്യൂട്ടിവ് ഒഫീഷ്യലായിരുന്ന ജെറോം ഷാംപെയ്ന്‍ എന്നിവരും മത്സരിക്കാന്‍ തയാറെടുത്തിരുന്നെങ്കിലും ഇരുവര്‍ക്കും ഇതിനാവശ്യമായ പിന്തുണ ലഭിച്ചില്ല. അഞ്ച് അസോസിയേഷനുകളുടെ പിന്തുണയാണു സ്ഥനാര്‍ഥിത്വത്തിനാവശ്യം.

പത്തു ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ഥിത്വം സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കും. തുടര്‍ന്ന് മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടിരിക്കുന്നു എന്ന് ഉറപ്പാക്കുന്ന ഘട്ടം. അതിനുശേഷമാണു സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നത്.

മേയ് 29നു തെരഞ്ഞെടുപ്പു നടത്താനാണു നിശ്ചയിച്ചിരിക്കുന്നത്. എതിര്‍പ്പുകള്‍ ആരോപണങ്ങളും ഏറെ നേരിടേണ്ടി വന്നുവെങ്കിലും ബ്ളാറ്റര്‍ അഞ്ചാം വട്ടവും തെരഞ്ഞെടുക്കപ്പെടുമെന്നു തന്നെയാണു കരുതപ്പെടുന്നത്.

ഫിഫാ ആസ്ഥാനമായ സൂറിച്ചില്‍ നടക്കുന്ന അറുപത്തിയഞ്ചാമതു കോണ്‍ഗ്രസില്‍ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍