സ്വിറ്റ്സര്‍ലാന്‍ഡില്‍ ഭാരതീയ കലോത്സവം അരങ്ങേറി
Monday, February 2, 2015 10:08 AM IST
സൂറിച്ച്: ഭാരതീയകലാലയം സ്വിറ്റ്സര്‍ലന്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടന്ന കലോത്സവവും പതിനഞ്ചാമത് വാര്‍ഷികത്തിനും തിരശീല വീണു.

ജനുവരി 24 ന് (ശനി) സൂറിച്ചിലെ ലാന്‍ഗ്നാവ് അം ആല്‍ബിസ് ഹാളില്‍ നടന്ന കലോത്സവത്തില്‍ പാട്ടുമത്സരങ്ങള്‍ക്ക് പ്രശസ്ത സംഗീതസംവിധായകനും ഗായകനുമായ അല്‍ഫോന്‍സ് ജോസഫ്, ഗായിക മാളവിക അനില്‍കുമാര്‍, കീബോര്‍ഡിസ്റ് അനൂപ് എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു. ചിത്രരചന, ഡാന്‍സ് എന്നീ ഇനങ്ങള്‍ പരിചയസമ്പന്നരായ വിധികര്‍ത്താക്കളുടെ മേല്‍നോട്ടത്തില്‍ നടന്നു.

തുടര്‍ന്നു നടന്ന ആഘോഷപരിപടികള്‍ക്ക് എല്‍ബിന്‍ അബി മുണ്ടക്കല്‍ സ്വാഗതം ആശംസിച്ചു. സംഗീതസംവിധായകന്‍ അല്‍ഫോന്‍സ് ജോസഫിന്റെ ഉദ്ഘാടനപ്രസംഗത്തിനുശേഷം അല്‍ഫോന്‍സ്, സ്റാര്‍സിംഗര്‍ വിജയി മാളവിക, ഭാരതീയകലാലയം ഭാരവാഹികള്‍ എന്നിവര്‍ ഭദ്രദീപം തെളിച്ച് ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു. സ്മിത എല്‍ബിന്റെയും മിനി മൂഞ്ഞേലിയുടെയും നേതൃത്വത്തില്‍ ആകര്‍ഷകമായ രംഗപൂജ അരങ്ങേറി. റോബിന്‍ തുരുത്തിപ്പിള്ളില്‍ നന്ദിപ്രസംഗം നടത്തി. ബെന്‍സണ്‍ പഴയാറ്റിലും സ്മിത നമ്പുശേരിയും മോഡറേറ്റ് ചെയ്തു. മത്സരവിജയികള്‍ക്ക് പ്രധാന സ്പോണ്‍സര്‍മാരായ ഹെല്‍വെറ്റ്സിയ ഇന്‍ഷ്വറന്‍സ് കമ്പനി സമ്മാനങ്ങള്‍ വിതരണം ചെയ്തു.

യൂറോപ്പിലെ പ്രശസ്ത കലാകാരനായ ജാക്സണ്‍ പുല്ലേലി രചനയും സംവിധാനവും നിര്‍വഹിച്ച് ബാബു പുല്ലേലിയുടെയും ജിമ്മി നസ്രത്തിന്റെയും സഹായത്തോടെ 'ആറാംമുദ്ര' എന്ന നാടകവും അരങ്ങേറി.

അല്‍ഫോന്‍സ്, മാളവിക അനില്‍കുമാര്‍, കീബോര്‍ഡ് ആര്‍ട്ടിസ്റ് അനൂപ്, മ്രുദങ്ങിസ്റ് ബാലു ഡ്രുമ്മെര്‍ ശിവപ്രസാദ് എന്നിവര്‍ ചേര്‍ന്നു നടത്തിയ സംഗീതനിശ കാണികളുടെ ആസ്വാദനത്തിനു പുതിയ തലമോരുക്കി.

ഭക്ഷണശാലകളുടെയും മറ്റും നടത്തിപ്പിനു സെബാസ്റ്യന്‍ അറയ്ക്കല്‍, ബിനോയ് ആലാനിക്കല്‍, ജോണ്‍സന്‍ ഏബ്രഹാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഭാരതീയകലാലയം സ്വിസ് കലോത്സവത്തില്‍ പങ്കെടുത്ത് വന്‍ വിജയമാക്കിത്തീര്‍ത്ത എല്ലാ സ്വിസ് മലയാളികള്‍ക്കും ഭാരവാഹികളായ ജീസണ്‍ അടശേരി, എല്‍ബിന്‍ എബി മുണ്ടക്കല്‍, റോബിന്‍ തുരുത്തിപ്പിള്ളില്‍, വിന്‍സെന്റ് പറയന്നിലം, ജിജി കോശി എന്നിവര്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍