സഹൃദയ ചാരിറ്റി ഫണ്ട് ഉദ്ഘാടനം ചെയ്തു
Saturday, January 31, 2015 8:41 AM IST
ഡാളസ്: പ്രവസി മലയാളികള്‍ക്കിടയില്‍ ആശയും ആവേശവും പകര്‍ന്നുകൊണ്ട് കേരള മണ്ണിലെ അശരണര്‍ക്കു സഹായമെത്തിക്കാന്‍ ഡാളസ് സൌഹൃദ വേദി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാകുന്നു.

ജനുവരി 24 ന് (ശനി) സെന്റ് ഇഗ്നേഷ്യസ് ഓര്‍ത്തോഡോക്സ് പള്ളിയുടെ ഓഡിറ്റോറിയത്തില്‍ നടന്ന ഡാളസ് സൌഹൃദവേദിയുടെ രണ്ടാം വാര്‍ഷിക ആഘോഷവേളയില്‍ മലയാള ഭാഷാസ്നേഹിയും പ്രവാസി ലോകത്തെ അറിയപ്പെടുന്ന നോവലിസ്റ്റുമായ ഏബ്രഹം തെക്കേമുറി ചാരിറ്റി ഫണ്ട് ഉദ്ഘാടനം ചെയ്തു.

ഫിലിപ് തോമസ് സിപിഎ ഫണ്ടിലേക്കു സംഭാവന ചെയ്ത ആദ്യ ചെക്ക് അദ്ദേഹത്തിന്റെ അഭാവത്താല്‍ ബന്ധുവായ നൈനാന്‍ വര്‍ഗീസിന്റെ പക്കല്‍ നിന്നും വാങ്ങിക്കൊണ്ടായിരുന്നു ഉദ്ഘാടനം. ഡാളസ് സൌഹൃദവേദിയുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഏബ്രഹാം തെക്കേമുറി, ഫേസ് മേഡ് ഫാര്‍മസിയുടമ സായ് ഭാസ്കര്‍ എന്നിവര്‍ സംഭാവനകള്‍ പ്രസിഡന്റ് എബി തോമസിനെ ഏല്‍പ്പിച്ചു. വര്‍ണ പൊലിമയേറിയ ആഘോഷ ചടങ്ങില്‍ പ്രസിഡന്റ് എബി തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അജയകുമാര്‍ പരിപാടിയില്‍ പങ്കെടുത്തവര്‍ക്കു സ്വാഗതം നേര്‍ന്നു. യോഗത്തില്‍ റവ. ഡോ. രഞ്ജന്‍ റോയ് മാത്യു മുഖ്യാതിഥിയായി പങ്കെടുത്ത് സൌഹൃദവേദിയുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസ നേര്‍ന്നു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍