ഐറിഷ് പാസ്പോര്‍ട്ടില്‍ ഇനി സെല്‍ഫിയും അനുവദനീയം
Friday, January 30, 2015 10:14 AM IST
ഡബ്ളിന്‍: ലോകത്ത് ആദ്യമായി ഒരു രാജ്യം പാസ്പോര്‍ട്ടില്‍ ഉപയോഗിക്കാനുള്ള ഫോട്ടോ ആയി സെല്‍ഫി അനുവദിക്കുന്നു. ഐറിഷ് പാസ്പോര്‍ട്ട് കാര്‍ഡിലാണ് സെല്‍ഫിക്ക് അനുമതി ലഭിച്ചിരിക്കുന്നത്.

പ്രത്യേകം തയാറാക്കിയ സ്മാര്‍ട്ട് ഫോണ്‍ ആപ്ളിക്കേഷന്‍ ഉപയോഗിച്ച് പാസ്പോര്‍ട്ടിന് അപേക്ഷിക്കണമെന്നു മാത്രം. സെല്‍ഫി ഫോട്ടോ അപേക്ഷയിലെ ഫോട്ടോ ഭാഗത്ത് പൂരിപ്പിക്കാനുള്ള സൌകര്യം ഉപയോഗിച്ച് അപ്പീല്‍ ചെയ്താല്‍ മതി. കഴിഞ്ഞ ദിവസം നടന്ന പ്രകാശന ചടങ്ങില്‍ അയര്‍ലന്‍ഡ് വിദേശകാര്യ മന്ത്രി ചാര്‍ലി ഫ്ലാനന്‍ സെല്‍ഫിയെടുത്ത് ഉദ്ഘാടനം ചെയ്തു.

ജൂലൈ മധ്യം മുതല്‍ ഇത്തരം പാസ്പോര്‍ട്ട് കാര്‍ഡുകള്‍ ലഭ്യമായിത്തുടങ്ങും. സാധാരണ പാസ്പോര്‍ട്ടുകള്‍ക്കും പകരം ഉപയോഗിക്കാനുള്ളതാണ് ഈ പാസ്പോര്‍ട്ട് കാര്‍ഡ്. യൂറോപ്യന്‍ യൂണിയനിലെ 28 രാജ്യങ്ങളിലും യൂറോപ്യന്‍ ഇക്കണോമിക് ഏരിയയിലും (ഐസ്ലന്‍ഡ്, നോര്‍വേ, ലിസ്റന്‍സ്റൈന്‍) ഇതിനു നിയമ പ്രാബല്യമുണ്ട്.

ഈ പാസ്പോര്‍ട്ട് കാര്‍ഡിന് സ്മാര്‍ട്ട് ഫോണ്‍ ആപ്ളിക്കേഷന്‍ വഴി അപേക്ഷയും അയയ്ക്കാം. 35 യൂറോയാണു ഫീസ്. സാധാരണ പാസ്പോര്‍ട്ടുള്ള, പതിനെട്ടു വയസ് തികഞ്ഞവര്‍ക്കു മാത്രമാണ് ഇതു നല്‍കുന്നത്. അഞ്ചു വര്‍ഷമാണു കാലാവധി. ഒറിജിനല്‍ പാസ്പോര്‍ട്ടിന്റെ കാലാവധി അതില്‍ കുറവാണെങ്കില്‍ പാസ്പോര്‍ട്ട് കാര്‍ഡിന്റെ കാലാവധിയും അതിനൊപ്പം അവസാനിക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍