അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ ജയ്ശങ്കറിനെ വിദേശ കാര്യ സെക്രട്ടറിയായി നിയമിച്ചു
Friday, January 30, 2015 10:11 AM IST
വാഷിംഗ്ടണ്‍: അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജയശങ്കറിനെ വിദേശകാര്യ സെക്രട്ടറിയായി ഇന്ത്യാ ഗവണ്‍മെന്റ് നിയമിച്ചു. 2013 ഡിസംബറിലാണു ജയശങ്കര്‍ ഇന്ത്യന്‍ അംബാസഡറായി ചുമതലയേറ്റത്.

സുജാതാ സിംഗിനു പകരക്കാരനായാണ് ജയ്ശങ്കറിന്റെ നിയമനം. ഇതുസംബന്ധിച്ച ഗവണ്‍മെന്റ് വിജ്ഞാപനം ജനുവരി 29ന് പുറത്തിങ്ങി.

ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനവും അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനവും പൂര്‍ത്തിയാക്കിയ ഉടന്‍തന്നെ വിദേശ കാര്യ വകുപ്പിന്റെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുവാന്‍ ലക്ഷ്യമിട്ടാണു മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് കാബിനറ്റ് പരിചയ സമ്പന്നനായി ജയശങ്കറിനെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചത്.

2008ല്‍ ഇന്ത്യയും യുഎസുമായി ന്യൂക്ളിയര്‍ കരാര്‍ തയാറാക്കുന്ന ടീമില്‍ നിര്‍ണായക പങ്കാണു ഡോ. ജയശങ്കറിനുണ്ടായിരുന്നത്.

അറുപതു വയസുളള ജയശങ്കര്‍ മൂന്നു ദശാബ്ദത്തോളമായി ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ പ്രധാനപ്പെട്ട പല തസ്തികളിലും പ്രവര്‍ത്തിച്ചു കഴിവു തെളിയിച്ചിട്ടുണ്ട്. അമേരിക്കയില്‍ നിയമനം ലഭിക്കുന്നതിനു മുമ്പ് ചെക്ക് റിപ്പബ്ളിക്കില്‍ അംബാസഡറായിരുന്നു.

ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇന്ത്യന്‍ അംബാസഡര്‍ പദവിയിലിരുന്നു അമേരിക്കയുമായുളള ബന്ധങ്ങള്‍ ശക്തിപ്പെടുത്തുവാന്‍ ശ്രമിച്ചുവെന്ന് ചാരിതാര്‍ഥ്യത്തോടെയാണു പുതിയ ചുമതലയേറ്റെടുക്കുന്നതെന്നു ഡോ. ജയശങ്കര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍