ഡ്യൂസല്‍ഡോര്‍ഫില്‍നിന്ന് എമിറേറ്റ്സ് എ 380 വിമാനം സര്‍വീസ് തുടങ്ങുന്നു
Thursday, January 29, 2015 10:09 AM IST
ബര്‍ലിന്‍: ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് എയര്‍ലൈന്‍സ് നോര്‍ത്ത് വെസ്റ് ഫാളിയ സംസ്ഥാന തലസ്ഥാനമായ ഡ്യൂസല്‍ഡോര്‍ഫില്‍നിന്ന് എ 380 സര്‍വീസ് ആരംഭിക്കുന്നു.

ആഢംബരസൌകര്യങ്ങളോടെയുള്ള എ 380 വിമാനങ്ങള്‍ 2015 ജൂലൈ ഒന്നിനാണു സര്‍വീസ് ആരംഭിക്കുന്നത്.

നിലവില്‍ ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട്, ഡ്യൂസല്‍ഡോര്‍ഫ്, മ്യൂണിക്, ബര്‍ലിന്‍, ഹാംബുര്‍ഗ് എന്നിവിടങ്ങളില്‍നിന്നാണ് എമിരേറ്റ്സ് സര്‍വീസ് നടത്തുന്നത്. എന്നാല്‍, എ 380 വിമാനത്തിന്റെ സര്‍വീസ് ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിക് എന്നിവയ്ക്കു പുറമേ പുതുതായി ഡ്യൂസല്‍ഡോര്‍ഫും സ്ഥാനം പിടിക്കും. ഉച്ചയ്ക്കുശേഷമായിരിക്കും പുതിയ സര്‍വീസുകള്‍ നടത്തുക. ഇതോടെ ജര്‍മനിയില്‍നിന്നുള്ള സീറ്റുകളുടെ എണ്ണത്തിലും വര്‍ധനയുണ്ടാവും.

ജൂലൈ ഒന്നു മുതല്‍ ആഴ്ചയില്‍ ഡ്യൂസല്‍ഡോര്‍ഫ് ദുബായി സര്‍വീസില്‍ സീറ്റുകള്‍ 22 ശതമാനമായി (6153 സീറ്റുകള്‍) വര്‍ധിക്കുമെന്ന് എമിരേറ്റ്സ് ഡിവിഷണല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് (കൊമേഴ്സ്യല്‍ ഓപ്പറേഷന്‍സ്) ഹൂബര്‍ട്ട് ഫ്രാഹ് അറിയിച്ചു.

ദുബായിയില്‍നിന്നു രാവിലെ 8.30നു പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് ജര്‍മനിയിലെ പ്രാദേശിക സമയം 13.25ന് ഡ്യൂസല്‍ഡോര്‍ഫില്‍ ഇറങ്ങും. ഡ്യൂസല്‍ഡോര്‍ഫില്‍നിന്നു മടക്കയാത്ര ഉച്ചകഴിഞ്ഞ് 15.25നാണ് ക്രമപ്പെടുത്തിയിട്ടുള്ളത്. മൂന്നു ക്ളാസിലുംകൂടി ആകെ 519 സീറ്റുകളാണുള്ളത്. അതില്‍ ഫസ്റ് ക്ളാസില്‍ 12 പ്രൈവറ്റ് സ്യൂട്ടും 76 കിടക്കകളോടുകൂടിയ ബിസിനസ് ക്ളാസും ഇക്കോണമി ക്ളാസില്‍ 429 സീറ്റുകളുമാണുള്ളത്. യാത്രക്കാര്‍ക്ക് 30 കിലോ ബഗേജ്(ഇക്കോണമി ക്ളാസ്), 40 കിലോ (ബിസിനസ്), 50 കിലോ (ഫസ്റ് ക്ളസ്) ബാഗേജുമാണ് അനുവദിച്ചിട്ടുള്ളത്. കൂടാതെ ഫ്രീയായി ജര്‍മന്‍ റെയില്‍വേയില്‍ ലക്ഷ്യ എയര്‍പോര്‍ട്ടുകളിലേക്കു (റെയില്‍ ആന്‍ഡ് ഫ്ളൈ) റിട്ടേണ്‍ ടിക്കറ്റും ഉണ്ടാവും. നിലവില്‍ ജര്‍മനിയിലെ വിമാനത്താവളങ്ങളില്‍നിന്ന് 777/300 ടൈപ്പ് വിമാനങ്ങളാണ് എമിരേറ്റ് സര്‍വീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജര്‍മനിയില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ താമസിക്കുന്നതുവെസ്റ് ഫാളിയ സംസ്ഥാനത്താണ്. അതുകൊണ്ടുതന്നെ പുതിയ എ 380 ന്റെ സര്‍വീസ് എല്ലാ മലയാളികള്‍ക്കും പ്രയോജനപ്പെടും. ഇതനുസരിച്ച് ദുബായിയില്‍നിന്നു കേരളത്തിലേക്കുള്ള കണക്ഷന്‍ ഫ്ളൈറ്റുകളും ലഭ്യമാണ്. യാത്രക്കാര്‍ക്കു കുളിക്കുന്നതിനുള്ള സൌകര്യം, ഒരുമിച്ചിരുന്ന് സംസാരിക്കാന്‍ ഒരുക്കിയിരിക്കുന്ന ലോഞ്ച് തുടങ്ങിയ സവിശേഷതകളാണ് എ 380 വിമാനങ്ങളിലുള്ളത്.

ഡ്യൂസല്‍ഡോര്‍ഫിനെ കൂടാതെ 2015 ഓഗസ്റ് വന്നു മുതല്‍ സ്പെയിന്‍ തലസ്ഥാനമായ മാഡ്രിഡിലേക്കും എ 380 സര്‍വീസ് തുടങ്ങുന്നുണ്ട്. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനം എ 380 പറക്കുന്ന യൂറോപ്പ് നഗരങ്ങളുടെ എണ്ണം 13 ആയി ഉയരും. നിലവില്‍ 57 എ380 വിമാനങ്ങളാണ് എമിറേറ്റ്സിനു സ്വന്തമായുള്ളത്.

ജര്‍മന്‍ ലുഫ്ത്താന്‍സാ, എമിറേറ്റ്സ് തുടങ്ങിയ എയര്‍ലൈന്‍സ് കമ്പനികളാണു ലോകത്ത് എ 380 വിമാനങ്ങള്‍ ഏറ്റവും കൂടുതല്‍ സ്വന്തമാക്കിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍