സാന്‍ഫ്രാന്‍സിസ്കോ ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ റിപ്പബ്ളിക് ദിനമാഘോഷിച്ചു
Thursday, January 29, 2015 8:29 AM IST
കാലിഫോര്‍ണിയ: സാന്‍ഫ്രാന്‍സിസ്കോ ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ ഇന്ത്യയുടെ 66-ാം റിപ്പബ്ളിക്ക് ദിനാഘോഷങ്ങള്‍ സമുചിതമായി സംഘടിപ്പിച്ചു.

ഇന്ത്യന്‍ കമ്യൂണിറ്റി ലീഡേഴ്സ്, പ്രാദേശിക വ്യാപാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത ആഘോഷ ചടങ്ങുകള്‍ക്ക് ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ വെങ്കിടേശന്‍ അശോകിന്റെ സാന്നിധ്യം ഉണര്‍വേകി.

ഒഡീഷയില്‍നിന്നുളള വെങ്കിടേശന്‍ ഇന്ത്യയിലെ വിവിധ ഭാഷകളിലും ചൈനീസ് ഭാഷയിലും നടത്തിയ പ്രസംഗം അതിഥികളായി എത്തിയവരെ അത്ഭുതപ്പെടുത്തി.

ഇന്ത്യയും അമേരിക്കയുമായുളള ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ സന്ദര്‍ശനം വഴി തെളിയിക്കുമെന്നു റിപ്പബ്ളിക്ക്ദിന സന്ദേശം നല്‍കുന്നതിനിടെ കോണ്‍സുലര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഐസിസി ബാങ്ക്വറ്റ് ഹാളില്‍ തിങ്ങിനിറഞ്ഞ സദസ്യര്‍ക്കൊപ്പം ചീഫ് പോലീസ് ഓഫീസര്‍ റൂബന്‍ ചാവസ്, കാലിഫോര്‍ണിയ ഇന്‍ഷ്വറന്‍സ് കമ്മീഷണര്‍ ഡേവ് ജോണ്‍സ്, സമീപ സിറ്റികളില്‍നിന്നുളള കൌണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇന്ത്യ ടൂറിസം അസിസ്റന്റ് ഡയറക്ടര്‍ സന്ധ്യ ഹരിദാസ് വീസ ഓന്‍ അറൈവല്‍ സ്കീമിനെക്കുറിച്ചു വിശദീകരിച്ചു. തുടര്‍ന്ന് വിവിധ കമ്മ്യൂണിറ്റി ലീഡേഴ്സുമായി കോണ്‍സുലര്‍ ജനറല്‍ ചര്‍ച്ചകള്‍ നടത്തി.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍