സിവില്‍ ഐഡി കാര്‍ഡില്‍ മേല്‍വിലാസം പുതുക്കാത്തവര്‍ പിഴ
Thursday, January 29, 2015 8:29 AM IST
കുവൈറ്റ് സിറ്റി: പുതിയ മേല്‍വിലാസം തിരിച്ചറിയല്‍ കാര്‍ഡില്‍ ചേര്‍ക്കാത്തവര്‍ പിഴ അടയ്ക്കേണ്ടിവരുമെന്നു പബ്ളിക് അഥോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ (പാസി) അറിയിച്ചു.

ഇത്തരത്തില്‍ 981 സ്വദേശികളും വിദേശികളുമായ ആളുകളുടെ പേര് കഴിഞ്ഞദിവസം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തി. ഒരുമാസത്തിനകമാണു ശരിയായ വിലാസം രേഖപ്പെടുത്തേണ്ടത്. പിഴ ഈടാക്കുമ്പോള്‍ ഒരു കെട്ടിടത്തില്‍ താമസിക്കുന്നവരുടെ എണ്ണം കണക്കാക്കിയാകും പിഴ നിശ്ചയിക്കുക. ഒരാള്‍ക്ക് 20 ദിനാര്‍ എന്ന നിരക്കിലും പരമാവധി നൂറു ദിനാര്‍വരെയുമാകും പിഴ ലഭിക്കുക.

ആദ്യമായി കാര്‍ഡിന് അപേക്ഷിക്കുന്ന സമയത്തു നിലവിലുണ്ടായിരുന്ന കെട്ടിടത്തിന്റെ വിവരങ്ങള്‍ പല താമസം സ്ഥലങ്ങളിലേക്കു മാറിയാലും കാര്‍ഡ് പുതുക്കുമ്പോള്‍ വിലാസം പലരും പുതുക്കാറില്ല. വര്‍ഷങ്ങള്‍ക്കു മുമ്പു പൊളിച്ചുനീക്കിയ കെട്ടിടങ്ങളുടേതുള്‍പ്പെടെയുള്ള വിലാസമാണു പലരുടെയും തിരിച്ചറിയല്‍ കാര്‍ഡില്‍ ഉള്ളതെന്നാണു കണ്െടത്തല്‍. മേല്‍വിലാസം മാറിയാല്‍ സ്വദേശികളും വിദേശികളും 30 ദിവസത്തിനകം തിരിച്ചറിയല്‍ കാര്‍ഡിലും വിലാസം പുതുക്കിയിരിക്കണമെണു പാസി ഡയറക്ടര്‍ ജനറല്‍ മുസാദ് അല്‍ അസൂസി അറിയിച്ചു. കാര്‍ഡിലെ വിലാസം പുതുക്കാത്തവരെ നാടുകടത്താന്‍ ആലോചിക്കുന്നതായി സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍