പ്രവാസി സാംസ്കാരിക വേദി അല്‍ഖോബാര്‍ വനിതാ ഘടകം സെമിനാര്‍ സംഘടിപ്പിച്ചു
Thursday, January 29, 2015 8:23 AM IST
ദമാം: പ്രവാസി സാംസ്കാരികവേദി അല്‍ഖോബാര്‍ വനിതാ ഘടകം പ്രവാസി വനിതകള്‍ക്കായി സ്വതന്ത്ര ഇന്ത്യയില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. വ്യത്യസ്ത സംഘടനാ പ്രതിനിധികളും പൊതുപ്രവര്‍ത്തകരും പങ്കെടുത്ത സെമിനാറില്‍ തിരുത്തേണ്ട വിദ്യാഭ്യാസ വ്യവസ്ഥിതി, അമിത ഭൌതികാസക്തി, ലഹരി, അശ്ളീലതയുടെ വ്യാപനം, തൊഴിലില്ലായ്മ, ലിംഗപരമായ അസമത്വം എന്നിവ സ്ത്രീയുടെ സുരക്ഷിതത്വത്തെ വല്ലാതെ ബാധിച്ചിട്ടുണ്െടന്നും സ്ത്രീയുടെ സുരക്ഷയാണു പുരുഷന്റെ സംസ്കാരത്തിന്റെ തെളിവെന്നും പ്രബന്ധം അവതരിപ്പിച്ച റാഷിദ ഷാജഹാന്‍ പറഞ്ഞു.

വനിതകള്‍ക്കു പാര്‍ലമെന്റില്‍ 33 ശതമാനം സംവരണം വാഗ്ദാനം ചെയ്യുന്ന ബില്‍ നീണ്ട കാലം കഴിഞ്ഞിട്ടും പാസാക്കാന്‍ കഴിയാതെ പോയതു വലിയൊരു ന്യൂനതയാണെന്ന് പ്രബന്ധം എടുത്തു പറഞ്ഞു. സ്ത്രീ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്കു പ്രധാന കാരണങ്ങളിലൊന്നായ മൂല്യാധിഷ്ഠിതമല്ലാത്ത വിദ്യാഭ്യാസ വ്യവസ്ഥ തിരുത്തപ്പെടേണ്ടതാണെന്നു പ്രബന്ധത്തില്‍ പറഞ്ഞു.

പ്രവാസി സാംസ്കാരിക വേദി അല്‍ഖോബാര്‍ ഘടകം വൈസ് പ്രസിഡന്റ് ആരിഫ നജ്മുസമാന്‍ സെമിനാറില്‍ അധ്യക്ഷത വഹിച്ചു. സ്ത്രീയെ ഉപഭോഗ വസ്തുവായി കാണുന്ന മുതലാളിത്തസമൂഹവും കുടുംബങ്ങളുടെ തകര്‍ച്ചയും സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളുടെ അടിസ്ഥാന കാരണങ്ങളാണെന്നും സ്ത്രീകള്‍ ആക്രമിക്കപ്പെടുമ്പോള്‍ കുറ്റവാളികളെ നീതിപൂര്‍വം നേരിടാന്‍ കഴിയാത്ത ഭരണകൂടവും ക്രിയാത്മക സമരരംഗത്തുനിന്നു പിന്മാറിയ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളും നിശ്ചല പ്രതിപക്ഷവും സ്ത്രീ പ്രശ്നങ്ങള്‍ക്കെതിരേ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ബദല്‍ ശക്തികള്‍ക്കു കാരണമാകുന്നുവെന്ന് അഭിപ്രായപ്പെട്ടു.

വ്യാജവാഗ്ദാനങ്ങള്‍ നല്‍കി പ്രവാസികളെ പിഴിഞ്ഞൂറ്റുന്ന പരിഹാസ്യ പ്രവാസി ഭാരതീയ ദിവസിനും സമ്മേളനങ്ങള്‍ക്കും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബദല്‍ ശക്തിയായി ഉയിര്‍ക്കൊണ്ട പ്രവാസി സാംസ്കാരിക വേദി, അടിച്ചമര്‍ത്തപ്പെട്ടവന്റെയും അവശവര്‍ഗത്തിന്റെയും അവകാശങ്ങള്‍ നേടിയെടുത്തുകൊണ്ട് അവര്‍ക്കെതിരെയുള്ള അവമതികള്‍ അവസാനിപ്പിക്കാന്‍ പരിശ്രമിക്കുമെന്നു പ്രത്യാശ പ്രകടിപ്പിച്ചു.

മനുസ്മൃതി വരികള്‍ വളച്ചൊടിച്ചും ദുരുപയോഗം ചെയ്തും രൂപപ്പെടുത്തിയ സ്ത്രീ-പുരുഷ അസമത്വവും വിവേചനവുമാണ് ഇന്ത്യന്‍ സ്ത്രീകള്‍ നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളികളെന്ന് ഒഐസിസി വനിതാ ഘടകം പ്രസിഡന്റ് സിന്ധു ബിനു അഭിപ്രായപ്പെട്ടു. അടുത്ത തലമുറ വളര്‍ത്തിയെടുക്കുന്നതിലൂടെയാണു സ്ത്രീകള്‍ മാറ്റങ്ങള്‍ക്കായി ശ്രമിക്കേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സാമൂഹിക വ്യവസ്ഥിതി മാറിയാല്‍ മാത്രമേ നിയമങ്ങള്‍ ഫലപ്രദമാകുകയുള്ളൂ എന്നും സ്ത്രീ സുരക്ഷ രാഷ്ട്രപുരോഗതിയുടെ സൂചകമാണെന്നും നവയുഗം ജോയിന്റ് കണ്‍വീനര്‍ റീജ ഹനീഫ പറഞ്ഞു.

ആദ്യം മാറ്റിയെടുക്കേണ്ടതു സമൂഹത്തിന്റെ മനോഭാവമാണെന്നും സ്ത്രീ- പൂരുഷ സമത്വം വീട്ടില്‍നിന്നും തുടങ്ങിക്കൊണ്ടു സാമൂഹ്യ വ്യവസ്ഥിതി സ്ത്രീകള്‍ ശ്രമിക്കേണ്ടതുണ്െടന്ന് പ്രവാസി സാംസ്കാരിക വേദി വൈസ് പ്രസിഡന്റ് റൂബി ജോസഫ് അഭിപ്രായപ്പെട്ടു. പൊങ്ങച്ചത്തിലും ധൂര്‍ത്തിലും സമയവും അധ്വാനവും ചെലവഴിച്ച് ക്രിയാത്മക ശേഷി നഷ്ടപ്പെടുത്തുന്നതിനു പകരം വിവാഹമോചനം സ്ത്രീ പീഡനം സ്ത്രീധനം, വേതന വ്യവസ്ഥയിലുള്ള സ്ത്രീ-പുരുഷ വിവേചനം തുടങ്ങിയവ അവസാനിപ്പിക്കാനായി ഇറങ്ങി പുറപ്പെടുകയാണു സ്ത്രീകള്‍ ചെയ്യേണ്ടതെന്നു കെഎംസിസി വനിതാ ഘടകം പ്രസിഡന്റ് ശബ്ന നജീബ് പറഞ്ഞു.

വ്യക്തിത്വ പ്രകാശനത്തിനു വഴിതേടുന്ന സ്ത്രീക്കു ക്രിയാത്മകമായ മാര്‍ഗങ്ങള്‍ കാണിച്ചുകൊടുക്കണെമെന്നും സ്ത്രീധനമായി പണത്തിനുപകരം ജോലി ചോദിക്കുന്ന അവസ്ഥയില്‍നിന്നു മാറി സ്ത്രീയുടെ ക്രയശേഷി സമൂഹത്തെ പടുത്തുയര്‍ത്താനും തലമുറകളെ കൂട്ടിയോജിപ്പിക്കാനും വിനിയോഗിക്കപ്പേടേണ്ടതുണ്െടന്ന് ദമാം തനിമ പ്രതിനിധി തസ്നി യാസിര്‍ പറഞ്ഞു.

പ്രവാസി സാംസ്കാരിക വേദി അല്‍ഖോബാര്‍ ഘടകം സെക്രട്ടറി മേരി വിജയകുമാര്‍ സ്വാഗതവും ബിന്ദു രജ്ഞിത് നന്ദിയും പറഞ്ഞു.

അബ്ദുള്ള രാജാവിന്റെ വിയോഗത്തിലുള്ള അനുശോചന പ്രമേയവും വനിതാ ബില്‍ നിയമമാക്കണമെന്നാവശ്യപ്പെടുന്ന പ്രമേയവും യഥാക്രമം പ്രീതാ അന്റണി, സോണിയ ബിനു എന്നിവര്‍ അവതരിപ്പിച്ചു.

സുഹൈനാ റാഫി, സനാ സൈനുദ്ദീന്‍, ഹന്നാ, നദ, ശംരീന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഷക്കീലാ ഹാജാ അഹ്മദ്, വര്‍ഷാ വിജയ് കുമാര്‍, അദിലാ നിസാര്‍, ബിന്ദു രംജിത് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം