രിസാല സ്റഡിസര്‍ക്കിള്‍ ഗള്‍ഫ് സമ്മിറ്റ് വ്യാഴം, വെള്ളി ദിവസങ്ങളില്‍ മസ്കറ്റില്‍
Thursday, January 29, 2015 4:29 AM IST
മസ്കറ്റ്: രിസാല സ്റഡി സര്‍ക്കിള്‍ ഗള്‍ഫ് സമ്മിറ്റ് ജനുവരി 29, 30 (വ്യാഴം, വെള്ളി) ദിവസങ്ങളില്‍ മസ്കറ്റില്‍ നടക്കും. 29ന് രാവിലെ ഒമ്പതിന് മസ്കറ്റ് ഇസ്ലാമിക് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ചെയര്‍മാന്‍ ഹാഫിള്‍ അല്‍ കിന്ദി ഉദ്ഘാടനം ചെയ്യും. എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ വി അബ്്ദുര്‍റസാഖ് സഖാഫി, ജനറല്‍ സെക്രട്ടറി എം അബ്ദുല്‍ മജീദ്, മുന്‍ ജനറല്‍സെക്രട്ടറി കെ അബ്ദുല്‍ കലാം എന്നിവര്‍ സമ്മിറ്റ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് നടക്കുന്ന സമാപന സമ്മേളനം ഐസിഎഫ് മിഡില്‍ ഈസ്റ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സഖാഫി മമ്പാട് ഉദ്ഘാടനം ചെയ്യും. മട്ടന്നൂര്‍ ഇസ്്ഹാഖ് , അശ്റഫ് മന്ന, ശരീഫ് കാരശ്ശേരി,വടകര അബ്ദുല്ല , നിസാര്‍ സഖാഫി സംബന്ധിക്കും.

20 വര്‍ഷമായി ഗള്‍ഫ് നാടുകളില്‍ പ്രവര്‍ത്തിച്ചു വരുന്ന രിസാല സ്റഡി സര്‍ക്കിള്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന സംഘടനാ സമ്മേളനമാണ് സമ്മിറ്റ്. ആറു ഗള്‍ഫ് നാടുകളില്‍ നിന്നായി 65 പ്രതിനിധികള്‍ മുഴുവന്‍ സമയവും പങ്കെടുക്കും. ലോകതലത്തിലും മിഡില്‍ ഈസ്റിലെയും സാമൂഹികാവസ്ഥകള്‍, വിദേശ ഇന്ത്യന്‍ സമൂഹം, ഗള്‍ഫിലെ തൊഴില്‍ സാഹചര്യവും ഇന്ത്യന്‍ സമൂഹവും, ഗള്‍ഫ് മലയാളികള്‍ തുടങ്ങിയ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ചകള്‍ക്കും പഠനത്തിനും വിധേയമാക്കുന്ന സമ്മിറ്റ് ഗള്‍ഫ് നാടുകളില്‍ ജീവിക്കുന്ന യുവാക്കളുടെ സാംസ്കാരികവും സാമൂഹികവുമായ പുരോഗതി ലക്ഷ്യം വെച്ച് സംഘടനയുടെ ആശയങ്ങളും പ്രവര്‍ത്തന പദ്ധതികളും രൂപപ്പെടുത്തും.

പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ സംഘടന നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി തയാറാക്കിയ പ്രവാസി അവകാശ രേഖ സമ്മിറ്റില്‍ അവതരിപ്പിക്കും. ഈ രേഖ സര്‍ക്കാറുകള്‍ക്കും സാമൂഹിക സംഘടനകള്‍ക്കും കൈമാറും.

ഗള്‍ഫില്‍ 20 വര്‍ഷം പൂര്‍ത്തിയായ വേളയില്‍ സംഘടിപ്പിക്കുന്ന യുവ വികസന വര്‍ഷത്തിന്റെ ഭാഗമായാണ് മസ്കറ്റ് സമ്മിറ്റ്. യൂണീറ്റുകള്‍ മുതല്‍ നടത്തി വന്ന അംഗത്വ, പുനസംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും യുവ സമ്മേളനങ്ങള്‍ക്കും ഒടുവില്‍ നടക്കുന്ന സമ്മിറ്റില്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ആര്‍എസ്സി ഗള്‍ഫ് കൌണ്‍സില്‍ ഭാരവാഹികളെ പ്രഖ്യാപിക്കും.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം