പത്തനംതിട്ട ജില്ലാ സംഗമം വാര്‍ഷികം ജനുവരി 30ന്
Thursday, January 29, 2015 4:29 AM IST
ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (പിജെഎസ്) ആറാം വാര്‍ഷികം ജനവരി 30-ന് വൈകീട്ട് ഉസ്ഫാന്‍ ഹംദാനിയ വില്ലയില്‍ നടക്കും. നോര്‍ക്ക അംഗത്വം കിട്ടിയ ശേഷമുള്ള സംഘടനയുടെ ആദ്യപൊതുപരിപാടിയാണിതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ ഈ വര്‍ഷത്തെ മികച്ച പ്രവര്‍ത്തകരെയും, ഹജ്ജ് തീര്‍ഥാടക സേവകര്‍ ആയി പ്രവര്‍ത്തിച്ച സംഗമം അംഗങ്ങളെയും, ജിദ്ദയിലെ കലാരംഗത്ത് കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കിയ പ്രതിഭകളെയും ചടങ്ങില്‍ ആദരിക്കും. തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികളെ ചടങ്ങില്‍ പ്രഖ്യാപിക്കുകയും ചെയ്യും.

ജിദ്ദയിലെ പ്രമുഖ ഗായകര്‍ പങ്കെടുക്കുന്ന ഗാനങ്ങള്‍, കുട്ടികളുടെ നൃത്തങ്ങള്‍, നാടകം തുടങ്ങിയവ ഉള്‍പ്പെടുന്ന കലാപരിപാടികളും ഉണ്ടായിരിക്കും.

ജിദ്ദയില്‍ അന്തരിച്ച പത്തനംതിട്ട തെക്കുതോട് സ്വദേശി ഷാജി പി വര്‍ഗീസിന്റെയും, ജിദ്ദാ എയര്‍ പോര്‍ട്ടില്‍ വച്ചു അന്തരിച്ച പത്തനംതിട്ട കുലശേഖരപെട്ട സ്വദേശി അയൂബ്ഖാന്റെയും കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുന്നത് ഉള്‍പ്പെടെ നാട്ടിലും സൌദിയിലും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പി.ജെ.എസ് ഈ വര്‍ഷവും നടത്തിയിട്ടുണ്ട്. സാംസ്കാരിക കായികസംരംഭങ്ങളും സംഘടന നടത്തി വരുന്നു.

പത്രസമ്മേളനത്തില്‍ പ്രസിഡന്റ് വര്‍ഗീസ് ഡാനിയല്‍, ശുഹൈബ് പന്തളം, ശശി നായര്‍, അയൂബ് പന്തളം, ജയകുമാര്‍, തക്ബീര്‍ പന്തളം, അലി തെക്കുതോട് പ്രണവം ഉണ്ണികൃഷ്ണന്‍, നൌഷാദ് അടൂര്‍, അനില്‍ കുമാര്‍ പത്തനംതിട്ട, മനോജ് മാത്യു അടൂര്‍, അബ്ദുള്‍ റഷീദ്, തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവള്ളൂര്‍