മലയാളികള്‍ ഓസ്ട്രേലിയയുടെ കരുത്ത്: മേയര്‍
Wednesday, January 28, 2015 6:26 AM IST
മെല്‍ബണ്‍: ഇന്ത്യയുടെ കരുത്തും യശസും ഉയര്‍ത്തിക്കാണിക്കുന്ന ഇന്ത്യന്‍ റിപ്പബ്ളിക് ദിനം ഒഐസിസി ഓസ്ട്രേലിയ വിപുലമായി ആഘോഷിച്ചു. ആഘോഷ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്ത കൌണ്‍സില്‍ മേയര്‍ മിക്ക് മോര്‍ലാന്‍ഡ് മലയാളികള്‍ ഓസ്ട്രേലിയുടെ കരുത്താണെന്നും വളരെ അടുക്കും ചിട്ടയോടുംകൂടി തങ്ങളുടെ പാരമ്പര്യം നിര്‍ത്തുന്നവരാണെന്നും, വിവിധ ജാതികളുടേയും മതങ്ങളുടേയും ആചാരങ്ങളുടേയും നല്ല ഗുണങ്ങളാണ് ഓസ്ട്രേലിയയ്ക്ക് വേണ്ടതെന്നും മേയര്‍ റിപ്പബ്ളിക് ദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

ദേശീയ പ്രസിഡന്റ് ജോസ് എം. ജോര്‍ജ് അധ്യക്ഷതവഹിച്ചു. ആദ്യകാല മലയാളിയും പൊതു പ്രവര്‍ത്തകനുമായ ബേര്‍ട്ടി ചാക്കോ റിപ്പബ്ളിക് ദിന സന്ദേശം നല്കി.

ലിബറല്‍ പാര്‍ട്ടി ഇലക്ഷന്‍ മെമ്പര്‍ പ്രസാദ് ഫിലിപ്പ്, റവ. ഫാ. ആന്‍സണ്‍ തോമസ്, ശ്രീനാരായണ മിഷന്‍ സെക്രട്ടറി അരുണ്‍ ശശിധരന്‍, മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് തോമസ് വാതപ്പള്ളി, കൌണ്‍സിലര്‍മാരായ അമന്‍ഡ സ്റാഫ്ള്‍ഡണ്‍, ഡാമിയന്‍ റൊസാരിയോ, ദൂം മൂവീസ് ഡയറക്ടര്‍ സാഹില്‍ ലൂതറ, ബെന്നി കോടാമുള്ളില്‍, കേസി മലയാളി ഫോറം പ്രതിനിധി ജോണി വര്‍ഗീസ്, ഗവണ്‍മെന്റ് എംപ്ളോയീസ് ഓര്‍ഗനൈസേഷന്‍ പ്രതിനിധി സുനില്‍ കണ്ണൂര്‍, ഒഐസിസി യുവജനവിഭാഗം കണ്‍വീനര്‍ ബോസ്കോ തിരുവനന്തപുരം, ഒഐസിസി വിദ്യാര്‍ത്ഥി വിഭാഗം കണ്‍വീനര്‍ വിഷ്ണു മോഹന്‍ദാസ് ചെമ്പന്‍കുളം എന്നിവര്‍ സംസാരിച്ചു. സാല്‍വേഷന്‍ ആര്‍മി ഹാളില്‍ തിങ്ങിനിറഞ്ഞ സദസ് ചടങ്ങിന് മാറ്റുകൂട്ടി. ഒഐസിസി വിക്ടോറിയ കമ്മിറ്റി ജനറല്‍ സെക്രട്ടറി ജിബി ഫ്രാങ്ക്ളിന്‍ നന്ദി പറഞ്ഞു. വിഭവസമൃദ്ധമായ ഡിന്നറും ഒരുക്കിയിരുന്നു.