കേഫാക് ഗ്രാന്റ് ഹൈപ്പര്‍ ലീഗ്: പോരാട്ടങ്ങള്‍ ആവേശത്തിലേക്ക്
Wednesday, January 28, 2015 6:25 AM IST
കുവൈറ്റ്: പ്രവാസി ലോകത്ത് കാല്‍പ്പന്ത് കളിയാരവത്തിന് തുടക്കംകുറിച്ച മൂന്നാമത് കേഫാക് ഗ്രാന്റ് ഹൈപ്പര്‍ ലീഗിലെ പതിനാലാം റൌണ്ട് പോരാട്ടത്തില്‍ കേരള സ്ട്രൈക്കേഴ്സിനും, മലപ്പുറം ബ്രദേര്‍സിനും , സിയാസ്കോ കുവൈറ്റിനും , മാക്ക് കുവൈത്തിനും വിജയങ്ങള്‍. ഏകപക്ഷീയമായ ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ബ്ളാസ്റ്റേര്‍സ് കുവൈത്തിനെ കേരള സ്ട്രെെക്കേര്‍സ് പരാജയപ്പെടുത്തിയത്. വിജയികള്‍ക്ക് വേണ്ടി ഹാരിസ്, റോയ് , ആന്റണി ജോസഫ്, ഷൈന്‍ എന്നീവര്‍ ഗോളുകള്‍ നേടി. രണ്ടാം മത്സരത്തില്‍ പൊരുതി കളിച്ച യംഗ് ഷൂട്ടേര്‍സിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മലപ്പുറം ബ്രദേര്‍സ് തറപ്പറ്റിച്ചത്. മത്സരത്തിന്റെ അവസാന നിമിഷം മലപ്പുറം താരം മുനീറാണ് വിജയഗോള്‍ നേടിയത്. സിയസ്കോ കുവൈത്തും റൌെദ ചാലഞ്ചെര്‍സും തമ്മില്‍ നടന്ന ഇഞ്ചോടിച്ചു പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് സിയാസ്കോ കുവൈത്ത് വിജയിക്കുകയായിരുന്നു. കളിയുടെ ആദ്യ പകുതിയില്‍ നിയാസാണ് സിയസ്കോക്ക് വേണ്ടി ഗോള്‍ സ്കോര്‍ ചെയ്തത്. അവസാന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് അല്‍ ശബാബിനെ മാക്ക് കുവൈത്ത് പരാജയപ്പെടുത്തുകയായിരുന്നു. വിജയികള്‍ക്ക് വേണ്ടി മുബഷിറും , റഹീമും ഗോളുകള്‍ നേടി. രണ്ടു ഗ്രൂപ്പുകളിലായി 18 ടീമുകള്‍ മാറ്റൊരുക്കുന്ന ലീഗില്‍ ഗ്രൂപ്പ് എയില്‍ 15 പോയിന്റോട് കൂടി ബ്രദേര്‍സ് കേരളയും, ഗ്രൂപ്പ് ബിയില്‍ 13 പോയിന്റുമായി ഫഹാഹീല്‍ ബ്രദേഴ്സുമാണ് മുന്നിട്ടുനില്‍ക്കുന്നത്.

വെള്ളിയാഴ്ച വൈകീട്ട് 4.30ന് മിഷറഫ് പബ്ളിക് അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടക്കുന്ന കേഫാക് ഗ്രാന്റ് ഹൈപ്പര്‍ ലീഗില്‍ ബ്രദേര്‍സ് കേരള സില്‍വര്‍ സ്റാറുമായും , കെ.കെ.എസ് സുറ സ്റാര്‍ലൈറ്റ് വാരിയേര്‍സുമായും, സി.എഫ്.സി സാല്‍മിയ സ്പാര്‍ക്സ് എഫ്.സിയുമായും , സോക്കര്‍ കേരള ബിഗ് ബോയ്സുമായും ഏറ്റുമുട്ടും. കുവൈറ്റിലെ മുഴുവന്‍ ഫുട്ബാള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൌകര്യം ഒരുക്കിയതായി കേഫാക് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 99708812, 99783404, 97494035 നമ്പറുകളില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍